മുംബൈ: ബ്രിട്ടീഷ് ഇന്ത്യയിൽ രൂപംകൊണ്ട പ്രതിരോധസേനാ-സിവിലിയൻ താവളങ്ങളായിരുന്ന കന്റോൺമെന്റുകൾ ചരിത്രത്തിലേക്ക്. രാജ്യത്തെ 62 കന്റോൺമെന്റുകളുടെ ഭരണസമിതി ആവശ്യമില്ലെന്നും ഈ ഭൂമി സംസ്ഥാനസർക്കാരുകൾക്ക് നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചു.
സിവിലിയൻ പ്രദേശങ്ങളെ ഒഴിവാക്കിയാണ് സംസ്ഥാനസർക്കാരുകൾക്ക് ഭൂമി കൈമാറുന്നത്. ഹിമാചൽപ്രദേശിലെ കാഷ്യോൾ കന്റോൺമെന്റ്, രാജസ്ഥാനിലെ നസീറാബാദ് കന്റോൺമെന്റ് എന്നിവ സംസ്ഥാനസർക്കാരിന് കൈമാറിക്കഴിഞ്ഞു.
പുണെയിലെ മൂന്നും നാസിക്കിലെ രണ്ടും നാഗ്പുർ, ഔറംഗബാദ് എന്നിവിടങ്ങളിലെ ഓരോ കന്റോൺമെന്റുകളും കൈമാറാനുള്ള നീക്കമാരംഭിച്ചു. ഇന്ത്യൻചരിത്രത്തിന്റെ ഭാഗമായ ഈ മേഖലകൾ മിക്കനഗരങ്ങളിലെയും മുഖ്യകേന്ദ്രങ്ങളിലാണ്. ഇത്തരം മേഖലകളിൽ കെട്ടിടനിർമാണലോബിക്ക് താത്പര്യമുണ്ടാവുക സ്വാഭാവികമാണെന്ന് ഇന്ത്യൻ പ്രതിരോധമേഖലയിൽനിന്ന് വിരമിച്ചവർ പറയുന്നു. കരസേനയുടെ കൈവശമുണ്ടായിരുന്ന മുംബൈ കൊളാബയിലെ ഭൂമി യുദ്ധത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും കരസേനയിലെ ജീവനക്കാർക്കും കെട്ടിടനിർമാണത്തിനായി ഉപയോഗിക്കേണ്ടതായിരുന്നു. എന്നാൽ, ഇത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥമോധാവികളും കൈക്കലാക്കി. ഈ പ്രദേശങ്ങളും ഭാവിയിൽ സ്വകാര്യവ്യക്തികളുടെ കൈവശമെത്തുമെന്നാണ് പ്രതിരോധമേഖലയിൽനിന്നുള്ളവർ ആരോപിക്കുന്നത്. കന്റോൺമെന്റ് ഭൂമി പാർക്ക്, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കളിസ്ഥലം എന്നിവയ്ക്കായി ഉപയോഗപ്പെടുത്തിയാൽ ഭാവിതലമുറയ്ക്ക് ഗുണകരമാകുമെന്നും അവർ അഭിപ്രായപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..