: ‘മേയ് 28-ന് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. സമാധാനപരമായി സമരംനടത്തിയിരുന്ന ഞങ്ങളെ പോലീസ് ആക്രമിച്ചു. ക്രൂരമായി അറസ്റ്റുചെയ്തു. സമരവേദി നശിപ്പിച്ചു. ഗുരുതര കുറ്റങ്ങൾചുമത്തി ഞങ്ങൾക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ലൈംഗികാതിക്രമത്തിനിരയായവർ നീതി ആവശ്യപ്പെട്ടതല്ലാതെ എന്തു കുറ്റമാണ് ഞങ്ങൾ ചെയ്തത്?’ - മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ പോകുംമുമ്പ് ട്വിറ്ററിൽ പോസ്റ്റുചെയ്ത കത്തിൽ ഒളിമ്പ്യൻ സാക്ഷി മാലിക്ക് ചോദിക്കുന്നു.
പോലീസും സർക്കാർ സംവിധാനവും ഞങ്ങളെ കുറ്റവാളികളെപ്പോലെ വേട്ടയാടുമ്പോൾ കുറ്റം ചെയ്തയാൾ പൊതുവേദികളിൽ ഇരകളെ പരിഹസിക്കുന്നു. പോക്സോനിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരെ അപഹസിക്കുന്നു. നീതിക്കായി രാഷ്ട്രപതിയോട് സഹായം ആവശ്യപ്പെടാൻ ഞങ്ങൾക്ക് തോന്നിയില്ല. കാരണം ജന്തർ മന്തറിന് രണ്ടുകിലോമീറ്റർ അകലെയിരുന്നിട്ടും ഞങ്ങൾക്ക് നീതി നൽകുന്നതിനെക്കുറിച്ച് രാഷ്ട്രപതി പ്രതികരിച്ചിട്ടില്ല. വീട്ടിലെ പെൺമക്കൾ എന്നുവിളിച്ചിരുന്ന പ്രധാനമന്ത്രിയോട് സഹായം ആവശ്യപ്പെട്ടിട്ടിട്ടും ലഭിച്ചിട്ടില്ല. കാരണം ഒരിക്കൽപോലും അദ്ദേഹം തന്റെ വീട്ടിലെ പെൺമക്കളെപ്പോലെ ഞങ്ങളെ പരിപാലിച്ചിട്ടില്ല. പകരം, ‘പെൺമക്കളെ’ പീഡിപ്പിച്ചയാളെ പുതിയ പാർലമെന്റ് ഉദ്ഘാടനത്തിനു ക്ഷണിച്ചു. ആഘോഷങ്ങളിൽ പീഡകനും വെളുത്ത വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോകൾക്ക് പോസ് ചെയ്തു!
ഏറെ വേദനിപ്പിക്കുന്ന ഈ പ്രവൃത്തികൾ കാണുമ്പോൾ ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും മെഡലുകൾ നേടിയ ആ നിമിഷങ്ങൾ ഞങ്ങൾ ഓർക്കുന്നു. അന്ന് കഴുത്തിൽ അണിയിച്ച പുരസ്കാരങ്ങൾക്ക് ഇപ്പോൾ അർഥമില്ലാതെയായിരിക്കുന്നു. നിരാശയല്ലാതെ ഈ രാജ്യത്ത് ഞങ്ങൾക്കായി ഒന്നും അവശേഷിക്കുന്നില്ല. പ്രതിഷേധം അടിച്ചമർത്താനെത്തിയ ഭരണകൂടത്തെ പേടിച്ച് ഇന്നലെ പകൽ മുഴുവൻ നമ്മുടെ പല വനിതാ ഗുസ്തിക്കാരും വയലിൽ ഒളിച്ചിരിക്കുന്ന അവസ്ഥയുണ്ടായി.
അഭിമാനത്തോട് വിട്ടുവീഴ്ച ചെയ്ത് ജീവിക്കുന്നതിൽ അർഥമില്ല. അതിനാൽത്തന്നെ കഠിനാധ്വാനത്തിലൂടെ നേടിയ ജീവനും ആത്മാവുമായ മെഡുകൾ ഞങ്ങൾ ഗംഗയിൽ സമർപ്പിക്കുന്നു. ഗംഗയെ നാം എത്രത്തോളം പവിത്രമായി കണക്കാക്കുന്നുവോ അത്രത്തോളം പവിത്രമായ കഠിനാധ്വാനത്തിലൂടെയാണ് ഈ മെഡലുകൾ നേടിയത്. അവ രാജ്യത്തിനാകെ പവിത്രമാണ്. ഇത് സൂക്ഷിക്കാനുള്ള ശരിയായ സ്ഥലം വിശുദ്ധഗംഗാ മാതാവാണ്. അതിനുശേഷം ഇന്ത്യാഗേറ്റിൽ മരണംവരെ നിരാഹാരമിരിക്കും.
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ ഇടമാണ് ഇന്ത്യാ ഗേറ്റ്. അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുമ്പോൾ ഞങ്ങളുടെ വികാരങ്ങളും അവരെപ്പോലെയായിരുന്നു. ഈ മഹത്തായ രാജ്യത്തോട് ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..