ഫോൺ വീണ്ടെടുക്കാൻ ഡാം വറ്റിച്ചു; ഉദ്യോഗസ്ഥന് 53,000 രൂപ പിഴ


1 min read
Read later
Print
Share

റായ്‍പുർ: ലക്ഷംരൂപയോളം മതിക്കുന്ന സ്മാർട്ട് ഫോൺ വീണ്ടെടുക്കാൻ അണക്കെട്ടിലെ ജലസംഭരണിയിൽ നിന്ന് 41 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിക്കളഞ്ഞെന്ന പരാതിയിൽ ഉദ്യോഗസ്ഥന് ഛത്തിസ്ഗഢ്‌ സർക്കാർ 53,092 രൂപ പിഴചുമത്തി. ഫുഡ് ഇൻസ്പെക്ടർ രാജേഷ് വിശ്വാസിനെതിരേയാണ് നടപടി. അദ്ദേഹത്തെ അന്വേഷണവിധേയമായി നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.

പരൽകോട്ട് അണക്കെട്ടിലെ ജലസംഭരണിക്കടുത്ത് അവധിനാളിൽ സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെയാണ് വിശ്വാസിന്റെ സ്മാർട്ട്‌ഫോൺ വെള്ളത്തിൽപ്പോയത്. 15 അടി താഴ്ചയിൽ വെള്ളമുള്ള ഭാഗത്താണ് ഫോൺ പതിച്ചത്. അതു കണ്ടെത്താൻ നാട്ടുകാർ മുങ്ങാംകുഴിയിട്ട് നടത്തിയ ശ്രമം വിജയിച്ചില്ല. തുടർന്ന് 30 എച്ച്‌.പി. ശേഷിയുള്ള രണ്ട് വലിയ ഡീസൽ പമ്പുകൾ നാലുദിവസം തുടർച്ചയായി പ്രവർത്തിപ്പിച്ച് വെള്ളം കനാലിലേക്ക് ഒഴുക്കിക്കളയുകയായിരുന്നു.

ഫോൺ കിട്ടിയെങ്കിലും 1500 ഏക്കർ കൃഷിയിടം നനയ്ക്കാനാവശ്യമുള്ള വെള്ളമാണ് പാഴാക്കിയതെന്ന് അന്വേഷണംനടത്തിയ ഇന്ദ്രാവതി പദ്ധതിയുടെ സൂപ്രണ്ടിങ് എൻജിനിയറുടെ റിപ്പോർട്ടിൽ പറയുന്നു. കൊടുംവേനലിൽ ജലസേചനത്തിനും മറ്റാവശ്യങ്ങൾക്കും വേണ്ട വെള്ളം ഇങ്ങനെ പാഴാക്കിയത് ഗുരുതരമായ കുറ്റമാണ്. പാഴായ വെള്ളത്തിന്റെ വില ജലസംഭരണി വറ്റിച്ചവരുടെ ശമ്പളത്തിൽനിന്ന് ഈടാക്കാനും ശുപാർശചെയ്തു. തുടർന്നാണ് 53,000 രൂപ പിഴ ചുമത്തിയത്. ക്യുബിക് മീറ്ററിന് 10.5 രൂപ നിരക്കിൽ ഒഴുക്കിക്കളഞ്ഞ 41 ലക്ഷം ലിറ്റർ വെള്ളത്തിന് 43,092 രൂപയാണ് കണക്കാക്കിയത്. 10,000 രൂപ അനുമതിയില്ലാതെ വെള്ളം തുറന്നുവിട്ടതിനുള്ള പിഴയും.

സ്മാർട്ട് ഫോണിൽ സർക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ ഔദ്യോഗിക രേഖകളുള്ളതിനാലാണ് എന്തുവിലകൊടുത്തും അതു വീണ്ടെടുക്കാൻ ശ്രമിച്ചതെന്നാണ് രാജേഷ് വിശ്വാസിന്റെ വിശദീകരണം. ഉപയോഗയോഗ്യമല്ലാത്ത വെള്ളമാണ് കനാലിലേക്ക് ഒഴുക്കിവിട്ടതെന്നും അവകാശപ്പെട്ടു. രാജേഷ് വിശ്വാസിന് വെള്ളം തുറന്നുവിടാൻ വാക്കാൽ അനുമതി നൽകിയ ജലവിഭവവകുപ്പിലെ സബ് ഡിവിഷണൽ ഓഫീസർ ആർ.സി. ധിവറിന് കാങ്കർ കളക്ടർ പ്രിയങ്കാ ശുക്ള കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..