ചെന്നൈ: ഐ.പി.എലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിജയത്തിന്റെപേരിൽ തമിഴ്‌നാട്ടിൽ രാഷ്ട്രീയപ്പോര്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ചെന്നൈയുടെ വിജയത്തെ ദ്രാവിഡമോഡൽ വിജയമെന്ന് ഡി.എം.കെ. നേതാക്കൾ പുകഴ്ത്തുമ്പോൾ തങ്ങളുടെ പാർട്ടി നേതാവ് കൂടിയായ രവീന്ദ്ര ജഡേജയാണ് വിജയത്തിലേക്കു നയിച്ചതെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. തോൽവിയുടെ വക്കിൽനിന്ന് ചെന്നൈയെ വിജയത്തിലേക്കു നയിച്ച ജഡേജ ബി.ജെ.പി. നേതാവും അദ്ദേഹത്തിന്റെ ഭാര്യ പാർട്ടി എം.എൽ.എ.യുമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു.
മന്ത്രി ടി.ആർ.ബി. ബാലു അടക്കമുള്ള നേതാക്കളാണ് ദ്രാവിഡമോഡൽ വിജയമാണ് ചെന്നൈയുടേതെന്ന് വിശേഷിപ്പിച്ചത്. ഡി.എം.കെ. പ്രവർത്തകർ ഇത് ആഘോഷമാക്കുകയും ചെയ്തു. തുടർന്നാണ് അണ്ണാമലൈ അവകാശവാദവുമായി എത്തിയത്. ചെന്നൈ ടീമിൽ തമിഴ്‌നാട്ടുകാർ ആരും കളിച്ചില്ലെന്നും എന്നാൽ, ഗുജറാത്തിനുവേണ്ടി ഫൈനലിൽ 96 റൺസ് നേടിയ സായ് സുദർശൻ തമിഴ്‌നാട്ടുകാരനാണെന്നും അണ്ണാമലൈ പറഞ്ഞു.
തമിഴ്‌നാട്ടുകാർ ആരും കളിക്കാതിരുന്നിട്ടും ചെന്നൈ ടീമിനെ പിന്തുണയ്ക്കാൻ കാരണം ധോനി ടീമിലുള്ളതാണ്. ബി.ജെ.പി.ക്കാരനായ ജഡേജ നേടിയ റൺസിലൂടെ വിജയം നേടിയതുകൊണ്ടും ചെന്നൈയുടെ കിരീടനേട്ടത്തിൽ ആഹ്ലാദിക്കുന്നെന്നും ഐ.പി.എൽ. ഫൈനൽ സംബന്ധിച്ച ടി.വി. ചർച്ചയിൽ അണ്ണാമലൈ പറഞ്ഞു. ദ്രാവിഡമോഡൽ ഭരണം ഡി.എം.കെ.യുടെ പ്രധാന പ്രചാരണ ആയുധമാണ്. ഇത് ഐ.പി.എലുമായും ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതോടെയാണ് രാഷ്ട്രീയ വിജയമായി മാറിയത്. വിജയത്തിന് ചെന്നൈ ടീമിനെയും ധോനിയെയും ട്വിറ്ററിലൂടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭിനന്ദിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..