ന്യൂഡൽഹി: മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അതിഗുരുതരമായ ആരോപണമാണ് സിസോദിയ നേരിടുന്നതെന്നും അദ്ദേഹം ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയത്.
ആം ആദ്മി പാർട്ടി നേതാവുകൂടിയായ സിസോദിയ ഫെബ്രുവരി 26-നാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് ഒമ്പതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഡൽഹിയിൽ 18 വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് സിസോദിയയെന്നും അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും ജസ്റ്റിസ് ദിനേശ് കുമാർശർമ പറഞ്ഞു.
അതേസമയം, സർക്കാരിന്റെ മദ്യനയമോ അത് തയ്യാറാക്കാനുള്ള അധികാരത്തെക്കുറിച്ചോ ജാമ്യാപേക്ഷ തീർപ്പാക്കുമ്പോൾ തങ്ങൾ പരിഗണിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഭരണപരമായ തീരുമാനങ്ങളും പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..