2023 ജനുവരി 18: ബജ്‌രംഗ് പുണിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിവരുടെ നേതൃത്വത്തിൽ ഗുസ്തിതാരങ്ങൾ ജന്തർ മന്തറിൽ ഒത്തുകൂടുന്നു. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി. എം.പി.യുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരേ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിക്കുന്നു.
പരാതികൾ
* ദേശീയ ക്യാമ്പുകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കമുള്ള വനിതാ ഗുസ്തി താരങ്ങളെ ബ്രിജ് ഭൂഷണും അദ്ദേഹത്തിന്റെ അടുപ്പക്കാരായ കോച്ചുകളും ഡബ്ല്യു.എഫ്.ഐ. ഉദ്യോഗസ്ഥരും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കുന്നു.
* ബ്രിജ് ഭൂഷൺ രാജിവെക്കണം. പോലീസ് കേസെടുക്കണം. ഡബ്ല്യു.എഫ്.ഐ. പിരിച്ചുവിടണം തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിക്കുന്നു.
* ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചു. കായികമന്ത്രാലയം ഡബ്ല്യു.എഫ്.ഐ.യിൽനിന്ന് വിശദീകരണം തേടി. പ്രതികരിക്കാൻ 72 മണിക്കൂർ സമയം നൽകി.
ജനുവരി 19: ബി.ജെ.പി. അംഗവും മുൻ ഗുസ്തിതാരവുമായ ബബിത ഫോഗട്ട് താരങ്ങളെ സന്ദർശിക്കുന്നു. കേന്ദ്രവുമായി ചർച്ചചെയ്യാമെന്ന് ഉറപ്പുനൽകുന്നു. കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി താരങ്ങൾ അഞ്ചുമണിക്കൂറോളം ചർച്ച പരിഹാരമാകാതെ പിരിയുന്നു. രവി ദഹിയ, ദീപക് പുണിയ എന്നീ താരങ്ങളും പ്രതിഷേധത്തിൽ പങ്കുചേരുന്നു.
ജനുവരി 20: ഇടപെടലാവശ്യപ്പെട്ട് താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് പരാതി നൽകുന്നു.
ജനുവരി 21: അനുരാഗ് ഠാക്കൂറുമായി വീണ്ടും കൂടിക്കാഴ്ച. ആരോപണങ്ങൾ അന്വേഷിക്കാൻ മേൽനോട്ടസമിതി രൂപവത്‌കരിക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ബ്രിജ് ഭൂഷൺ മാറിനിൽക്കുമെന്നും മന്ത്രി ഉറപ്പുനൽകി. താരങ്ങൾ രാത്രി വൈകി ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ചു.
ബ്രിജ്ഭൂഷണ് സമിതിയുടെ ക്ലീൻചിറ്റ്
താരങ്ങളുടെ ആരോപണങ്ങൾ ഡബ്ല്യു.എഫ്.ഐ. മേൽനോട്ടസമിതി തള്ളി. ഗോണ്ടയിലെ റാങ്കിങ് ടൂർണമെന്റ് ഉൾപ്പടെ ഡബ്ല്യു.എഫ്.ഐ.യുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ കായിക മന്ത്രാലയം നിർദേശിച്ചു. ഡബ്ല്യു.എഫ്.ഐ. അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെന്റ് ചെയ്തു.
ജനുവരി 23: ആരോപണങ്ങൾ അന്വേഷിക്കാൻ മേരി കോം അധ്യക്ഷയായ അഞ്ചംഗ മേൽനോട്ടസമിതി വന്നു. ഡബ്ല്യു.എഫ്.ഐ.യുടെ പ്രവർത്തനം സമിതിയുടെ നിയന്ത്രണത്തിലായി.
ജനുവരി 31: ബബിത ഫോഗട്ട് മേൽനോട്ട സമിതിയിൽ
ഫെബ്രുവരി 23: മേൽനോട്ട സമിതിയുടെ കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി.
ഏപ്രിൽ 16: മേൽനോട്ട സമിതിയുടെ റിപ്പോർട്ട് കായികമന്ത്രാലയത്തിന് സമർപ്പിച്ചു. റിപ്പോർട്ട് മന്ത്രാലയം രഹസ്യമായി സൂക്ഷിക്കുന്നു.
ജന്തർ മന്തറിൽ വീണ്ടും സമരപ്പന്തൽ
ഏപ്രിൽ 23: ബജ്‌രംഗ് പുണിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുൾപ്പെടെയുള്ള ഗുസ്തിതാരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധം പുനരാരംഭിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തിക്കാർ ബ്രിജ് ഭൂഷണിനെതിരേ കൊണാട്‌പ്ലേസ് പോലീസ് സ്റ്റേഷനിൽ ലൈംഗികാതിക്രമ പരാതി നൽകിയെങ്കിലും ഡൽഹി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആരോപിച്ചു. ബ്രിജ് ഭൂഷണിനെതിരേ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും മേൽനോട്ട സമിതിയുടെ കണ്ടെത്തലുകൾ പരസ്യപ്പെടുത്താൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഏപ്രിൽ 24: ഡബ്ല്യു.എഫ്.ഐ.യുടെ തിരഞ്ഞെടുപ്പുപ്രക്രിയ മന്ത്രാലയം തടയുന്നു. പാനൽ രൂപവത്കരിച്ച് 45 ദിവസത്തിനുള്ളിൽ ഡബ്ല്യു.എഫ്.ഐ. തിരഞ്ഞെടുപ്പ് നടത്താൻ നിർദേശിക്കുന്നു. ഈ കാലയളവിൽ ഡബ്ല്യു.എഫ്.ഐ. പ്രവർത്തനത്തിന് മൂന്നംഗസമിതി രൂപവത്കരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് നിർദേശംനൽകുന്നു.
ഏപ്രിൽ 25: ബ്രിജ് ഭൂഷണിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തിക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി ഡൽഹി പോലീസിനോട് വിശദീകരണം തേടുന്നു.
ഏപ്രിൽ 28: ബ്രിജ് ഭൂഷണിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യുമെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു.
മേയ് മൂന്ന്: ഗുസ്തിക്കാരും ഡൽഹി പോലീസും തമ്മിൽ വാക്കേറ്റം. ഗുസ്തിക്കാർക്ക് പരിക്കേൽക്കുന്നു. മേയ് ഏഴിന് ഡബ്ല്യു.എഫ്.ഐ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്നുതവണ ഭരണംപൂർത്തിയാക്കിയ ബ്രിജ് ഭൂഷൺ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുന്നു.
മേയ് 23: പുതിയ പാർലമെന്റ് ഉദ്ഘാടനദിവസം പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്ന് ഗുസ്തിക്കാർ പ്രഖ്യാപിക്കുന്നു.
മേയ് 28: ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വനിതാതാരങ്ങളെ ഉൾപ്പെടെ റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ്ചെയ്തു നീക്കുന്നു. കേസെടുക്കുന്നു. ജന്തർ മന്തറിലെ സമരവേദി പൊളിച്ചുമാറ്റുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..