ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ലെന്ന് പോലീസിനോട് വെളിപ്പെടുത്തി പ്രതി സഹിൽ. താനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നും ചോദ്യംചെയ്യലിൽ സഹിൽ പോലീസിനോട് പറഞ്ഞു. പെൺകുട്ടി മൂന്നുവർഷമായി പ്രതിയുമായി അടുപ്പത്തിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച വൈകീട്ടാണ് ഷഹബാദിലെ ചേരി പ്രദേശത്ത് സാക്ഷി റെഡ്ഡി കുത്തേറ്റ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം 34-ലധികം മുറിവുകളാണ് പെൺകുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. സംഭവത്തിനുശേഷം മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽപ്പോയ സഹിലിനെ പിടികൂടിയത് പ്രതിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ്. യു.പി.യിലെ ബുലന്ദ്‌ഷെഹറിലെ ബന്ധു വീട്ടിലേക്ക് രക്ഷപ്പെട്ട പ്രതി ഇതിനിടയ്ക്ക് അച്ഛന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഈ ഫോൺകോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിലെ എ.സി. റിപ്പയർ ഷോപ്പിലെ മെക്കാനിക്കാണ് സഹിൽ. പ്രതിയെ ചൊവ്വാഴ്ച ഡൽഹി രോഹിണിയിലെ ജില്ലാ കോടതി രണ്ടുദിവസത്തേക്ക് റിമാൻഡിൽ വിട്ടു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് ഡൽഹി വിദ്യാഭ്യാസ-കുടുംബക്ഷേമ മന്ത്രി അതീഷി സന്ദർശിച്ചു.
പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം
പെൺകുട്ടിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് സർക്കാർ ഉറപ്പാക്കും. ഡൽഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിനോട് അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്ന് അഭ്യർഥിച്ച കേജ്രിവാൾ, ദേശീയ തലസ്ഥാനത്തെ ക്രമസമാധാന നിലയിലും ആശങ്ക പ്രകടിപ്പിച്ചു.
ലൗ ജിഹാദെന്ന് ബി.ജെ.പി.
പെൺകുട്ടിയുടെ കൊലപാതകം ലൗ ജിഹാദാണെന്ന് ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. ഒരു ഹിന്ദു പെൺകുട്ടിയുടെ കൊലപാതകം ക്രമസമാധാന പ്രശ്നമായി ചിത്രീകരിക്കാൻ ഡൽഹി മുഖ്യമന്ത്രി ശ്രമിക്കുന്നത് ഖേദകരമാണെന്നും ഇത് ലൗ ജിഹാദാണെന്നും ബി.ജെ.പി. ഡൽഹി അധ്യക്ഷൻ വിരേന്ദർ സച്ച്ദേവ ആരോപിച്ചു. കേസ് അതിവേഗ കോടതിയിൽ വിചാരണചെയ്യണമെന്നും സച്ച്ദേവ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..