മണിപ്പുർ കലാപം ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കണമെന്ന് കോൺഗ്രസ്


1 min read
Read later
Print
Share

ഖാർഗെയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് നിവേദനം

ന്യൂഡൽഹി: മണിപ്പുരിലെ സ്ഥിതി സാധാരണനിലയിലാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വലുള്ള പ്രതിനിധിസംഘം ചൊവ്വാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് നിവേദനം നൽകി.

സേവനമനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി കലാപം അന്വേഷിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കാൻ 12 ഇന നിർദേശങ്ങളും മുന്നോട്ടുവെച്ചു.

‘അക്രമത്തിന്റെ ആദ്യഘട്ടത്തിലെ ഇടപെടലിലുണ്ടായ പാളിച്ചയാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയത്. ഈ നിർദേശങ്ങൾ ആത്മാർഥമായി നടപ്പാക്കുകയാണെങ്കിൽ സമാധാനം സാധ്യമാവും. ഉത്തരവാദിത്വമുള്ള പാർട്ടി എന്നനിലയിൽ ഇതിനായുള്ള ഏതുനടപടിക്കും പിന്തുണനൽകാൻ കോൺഗ്രസ് തയ്യാറാണ്’ -നിവേദനത്തിൽ പറഞ്ഞു. തീവ്രവാദസംഘങ്ങളുടെയും തദ്ദേശീയരുടെയും അക്രമങ്ങൾ തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും രാഷ്ട്രപതിയോട് നേതാക്കൾ ആവശ്യപ്പെട്ടു.

മറ്റുചില നിർദേശങ്ങൾ:

* ഇരുവിഭാഗം ജനങ്ങളുടെയും ഗ്രാമങ്ങൾക്കിടയിൽ മതിയായ സുരക്ഷാസംവിധാനം ഏർപ്പെടുത്തി അക്രമികൾ നുഴഞ്ഞുകയറുന്നത് തടയണം. * കലാപം കാരണം വിവിധ സ്ഥലങ്ങളിലേക്ക് പലായനംചെയ്യേണ്ടിവന്നവർക്ക് നേരത്തേയുള്ളിടത്തോ സുരക്ഷയുള്ളിടത്തോ സമാധാനത്തോടെ തങ്ങാൻ സൗകര്യമൊരുക്കണം. * നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും ആശ്രിതർക്കും നഷ്ടപരിഹാരം നൽകണം. * കാണാതായവരെ കണ്ടെത്താൻ പ്രത്യേക പദ്ധതിവേണം. *ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൗകര്യങ്ങളൊരുക്കണം. * ദുരിതാശ്വാസക്യാമ്പുകളുടെ നടത്തിപ്പ് സംസ്ഥാനസർക്കാർ ഏറ്റെടുക്കണം.

ഖാർഗെയെ കൂടാതെ ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഇബോബി സിങ്, കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്, മുൻ ഉപമുഖ്യമന്ത്രി ഗൈഖംഗം, പി.സി.സി. അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര സിങ്, മണിപ്പുരിന്റെ ചുമതലയുള്ള ഭക്ത് ചരൺദാസ് എന്നിവരും രാഷ്ട്രപതിയെക്കണ്ട സംഘത്തിൽപ്പെടുന്നു. മണിപ്പുരിലെ നിലവിലെ സ്ഥിതിഗതികൾ ബി.ജെ.പി.യുടെ വിഭജനരാഷ്ട്രീയ വിഭജനത്തിന്റെ ഫലമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ് പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..