ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോക്‌സോ കേസിലെ വിചാരണ ഏത് കോടതിയിൽ നടത്തണമെന്നതുസംബന്ധിച്ച് തീരുമാനിക്കാൻ ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. ഡൽഹി സർക്കാരിലെ പ്രിൻസിപ്പൽ സെക്രട്ടറി, രജിസ്ട്രാർ ജനറൽ എന്നിവർക്കാണ് നോട്ടീസയച്ചത്. ജൂലായ് ആറിനകം മറുപടിനൽകണം.
എം.പി.മാർ, എം.എൽ.എ.മാർ എന്നിവർക്കെതിരായ കേസുകൾ ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലാണ് വിചാരണ ചെയ്യുന്നത്. ബ്രിജ് ഭൂഷൺ എം.പി.യാണെങ്കിലും പ്രായപൂർത്തിയാവാത്ത ഗുസ്തിതാരത്തിന്റെ ലൈംഗിക പീഡന പരാതിയിൽ പോക്സോ കേസുമുണ്ട്. പോക്സോ കേസുകളിലെ വിചാരണ പട്യാല ഹൗസ് കോടതിയിലാണ് നടത്തേണ്ടത്. ഈ സാഹചര്യത്തിലാണ് കോടതി ഏതെന്ന് തീരുമാനിക്കാൻ നോട്ടീസയച്ചത്.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രിമിനൽ നടപടിച്ചട്ടത്തിലെ 156 (3) വകുപ്പുപ്രകാരം റൗസ് അവന്യൂ കോടതിയിൽ ഗുസ്തിതാരങ്ങൾ പരാതിനൽകിയിരുന്നു. ഏഴ് വനിതാതാരങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡനാരോപണം ഉന്നയിച്ചത്. അതിലൊരാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ്. പ്രായപൂർത്തിയായവരുടെ പരാതിയിൽ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിങ് ജസ്പാൽ നോട്ടീസയച്ചെങ്കിലും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിഷയം ഹൈക്കോടതിക്ക് റഫർ ചെയ്യുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..