ചെന്നൈ: വൈകോയുടെ കുടുംബവാഴ്ചയാരോപിച്ച് എം.ഡി.എം.കെ. പ്രസീഡിയം ചെയർമാൻ തിരുപ്പൂർ ദുരൈസാമി പാർട്ടി വിട്ടു. വൈകോയുടെ പിൻഗാമിയായി മകൻ ദുരൈ വൈകോയെ കൊണ്ടുവരാനുള്ള നീക്കത്തെ എതിർത്താണ് നടപടി.
രണ്ടുവർഷംമുമ്പ് ചേർന്ന ജനറൽ കൗൺസിലിൽ ഉയർന്ന ആവശ്യത്തെത്തുടർന്നാണ് ദുരൈ വൈകോ രാഷ്ട്രീയത്തിലിറങ്ങിയതെന്നും ദുരൈസാമി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വൈകോ പ്രതികരിച്ചു.
ആരോഗ്യപ്രശ്നങ്ങളാൽ വൈകോ സജീവമല്ലാത്ത നിലയിൽ പാർട്ടിയുടെ നിയന്ത്രണം ദുരൈ വൈകോ ഏറ്റെടുക്കുന്നതിൽ നേരത്തേ ദുരൈസാമി എതിർപ്പറിയിച്ചിരുന്നു. കുടുംബവാഴ്ച കാരണം പാർട്ടി പരിഹാസപാത്രമായെന്നും എത്രയും വേഗം മാതൃപാർട്ടിയായ ഡി.എം.കെ.യിൽ ലയിക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ വൈകോയ്ക്ക് കത്തെഴുതുകയും ചെയ്തു.
ലോക്‌സഭാ - നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. ചിഹ്നത്തിൽ മത്സരിക്കുന്ന എം.ഡി.എം.കെ. ലയനത്തിന് തയ്യാറാകണമെന്നും ദുരൈസാമി പറഞ്ഞു. എന്നാൽ, ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്തിരുന്ന ദുരൈസാമി ഇപ്പോൾ നിലപാട് മാറ്റിയതിന്റെ കാരണമറിയില്ലെന്ന് വൈകോ പറഞ്ഞു.
ഡി.എം.കെ.യിൽ കരുണാനിധിയുടെ പിൻഗാമിയായി സ്റ്റാലിനെത്തുന്നതിൽ പ്രതിഷേധിച്ചാണ് വൈകോ പാർട്ടി വിട്ട് 1994-ൽ എം.ഡി.എം.കെ. രൂപവത്കരിച്ചത്. കുടുംബരാഷ്ട്രീയത്തെ എതിർത്ത് രൂപവത്കരിച്ച പാർട്ടിയിൽ കുടുംബവാഴ്ച പിടിമുറുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ദുരൈസാമിയുടെ നിലപാട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..