ഡൽഹി മദ്യനയം: സിസോദിയക്ക് 2.2 കോടി കൈക്കൂലി കിട്ടിയെന്ന് ഇ.ഡി.


1 min read
Read later
Print
Share

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട ഇടപാടിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് 2.2 കോടി രൂപ കൈക്കൂലി ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കുറ്റപത്രം. ബിസിനസുകാരനായ അമിത് അറോറയിൽനിന്ന് സിസോദിയയുടെ അടുത്തകൂട്ടാളിയായ ദിനേശ് അറോറ വഴിയാണ് കൈക്കൂലി വാങ്ങിയതെന്നും കുറ്റപത്രത്തിൽ പറഞ്ഞു. കുറ്റപത്രം ഫയലിൽ സ്വീകരിച്ച ഡൽഹി കോടതി ജൂൺ ഒന്നിന് സിസോദിയയോട് ഹാജരാവാൻ ആവശ്യപ്പെട്ടു.

ഇടപാടിൽ സിസോദിയക്ക് എത്ര കിട്ടിയെന്ന കണക്ക് അന്വേഷണ ഏജൻസി ആദ്യമായാണ് വ്യക്തമാക്കുന്നത്. അതേസമയം മേയ് നാലിന് ഫയൽചെയ്ത കുറ്റപത്രത്തിലെ ആരോപണങ്ങളെ ആം ആദ്മി പാർട്ടി നിഷേധിച്ചു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട വിവിധ നിയമവിരുദ്ധ ഇടപാടുകളിലും ഗൂഢാലോചനയിലും അമിത് അറോറയും ദിനേശ് അറോറയും ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു. അമിത് അറോറയെ നവംബർ 30-ന് അറസ്റ്റുചെയ്തിരുന്നു.

സൗത്ത് ഗ്രൂപ്പ് എന്നു വിളിക്കുന്ന സംഘത്തിന് നിയമവിരുദ്ധമായ നേട്ടമുണ്ടാക്കുന്നതിനായി മദ്യനയത്തിൽ മാറ്റംവരുത്തിയെന്നാണ് സിസോദിയക്കെതിരായ ആരോപണം. സൗത്ത് ഗ്രൂപ്പിന് പുറത്തുള്ളവരുമായും സിസോദിയ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

അതേസമയം, കുറ്റപത്രത്തിൽ പറയുന്ന ആരോപണങ്ങൾ വ്യാജമാണെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. സങ്കല്പത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് കുറ്റപത്രം. പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ ആദ്യം കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ കോടതിയിൽ പിൻവലിച്ചു. പിന്നീട്, സിസോദിയ 14 ഫോണുകൾ നശിപ്പിച്ചുവെന്ന് പറഞ്ഞു. ഈ ഫോണുകൾ ഇ.ഡി.യുടെ കസ്റ്റഡിയിൽതന്നെ പിന്നീട് കണ്ടെത്തി. അതുപോലെ ഇപ്പോൾ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളും വ്യാജമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..