ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സിങ്കപ്പൂർ, ജപ്പാൻ സന്ദർശനവേളയിൽ വിവിധ സ്ഥാപനങ്ങളുമായി 13 ധാരണാപത്രം ഒപ്പുവെച്ചു. ഇതനുസരിച്ച് 1259 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്‌നാട്ടിലെത്തുക.
ജപ്പാനിലെ കമ്പനികളുമായി 1130 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. വാഹനഘടകങ്ങൾ, ബഹിരാകാശത്ത് ഉപയോഗിക്കാവുന്ന ലോഹഭാഗങ്ങൾ തുടങ്ങിയ നിർമിക്കാൻ ജപ്പാനിലെ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഫാക്ടറികൾ സ്ഥാപിക്കും. കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലാണ് പ്രധാനമായും ഇവ സ്ഥാപിക്കുക. ജപ്പാനിലെ ഓമ്രോൺ ഹെൽത്ത് കെയർ 128 കോടി രൂപ ചെലവിൽ തമിഴ്‌നാട്ടിൽ ഫാക്ടറി സ്ഥാപിക്കും. വീടുകളിലുപയോഗിക്കാവുന്ന ബി.പി. മോണിറ്ററുകളാണ് ഇവിടെ നിർമിക്കുക.
തമിഴ്‌നാട്ടിൽ ഇലക്‌ട്രോണിക് ഘടക നിർമാണശാല സ്ഥാപിക്കുന്നതിന് 312 കോടി മുതൽമുടക്കുന്നതിന് എച്ച്.ഐ.പി. ഇന്റർനാഷണലുമായുള്ള ധാരണാപത്രമാണ് സിങ്കപ്പൂരിൽ ഒപ്പുവെച്ചത്. എച്ച്.ഐ.പി. ഇന്റർനാഷണലിന്റെ നിർമാണശാല യാഥാർഥ്യമായാൽ അതിൽ 700 പേർക്ക് തൊഴിൽ ലഭിക്കും. ചെന്നൈയിൽ അടുത്തവർഷം നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിലേക്ക് ജപ്പാനിലെയും സിങ്കപ്പൂരിലെയും സ്ഥാപനങ്ങളെ സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ട്. മേയ് 23-നാണ് മുഖ്യമന്ത്രിയും സംഘവും വിദേശസന്ദർശനം തുടങ്ങിയത്. 31-ന് പൂർത്തിയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..