ആൺവേഷം ധരിച്ചെത്തി ഭർത്തൃമാതാവിനെ കൊന്നു; യുവതി അറസ്റ്റിൽ


1 min read
Read later
Print
Share

സംഭവം തിരുനെൽവേലിയിൽ

ചെന്നൈ: ആൺവേഷം ധരിച്ചെത്തി ഭർത്തൃമാതാവിനെ തലയ്ക്കടിച്ചുകൊന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം.

തിരുനെൽവേലിയിലെ തുളുക്കർകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൺമുഖവേലിന്റെ ഭാര്യ സീതാരാമലക്ഷ്മി(58)യാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇരുമ്പുദണ്ഡുകൊണ്ട് അടിയേറ്റ് മരിച്ചത്. സീതാരാമലക്ഷ്മിയുടെ മകൻ രാമസ്വാമിയുടെ ഭാര്യ മഹാലക്ഷ്മി(27)യാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെയാണ് സീതാരാമലക്ഷ്മിക്ക് ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിയേറ്റത്. ചോരയിൽ കുളിച്ചുകിടക്കുന്ന ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലുണ്ടായിരുന്ന അഞ്ചുപവൻ സ്വർണമാല നഷ്ടപ്പെട്ടിരുന്നു. വീട്ടിലെത്തിയ മോഷ്ടാക്കളാണ് കൊല നടത്തിയത് എന്നാണ് ആദ്യം കരുതിയിരുന്നത്. ട്രാക്ക് സ്യൂട്ടും ഹെൽമെറ്റും ധരിച്ച ഒരാൾ വീട്ടിൽവരുന്നത് വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ പോലീസ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അത് മഹാലക്ഷ്മിയാണെന്നു തിരിച്ചറിഞ്ഞത്.

വിവാഹം കഴിഞ്ഞ്‌ ആറുമാസം കഴിഞ്ഞപ്പോൾത്തന്നെ മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മിൽ വഴക്കു തുടങ്ങിയിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. പ്രശ്നപരിഹാരത്തിനായി ഷൺമുഖവേൽ മകന് തൊട്ടടുത്തുതന്നെ വേറെ വീടുവെച്ചുകൊടുത്തു. മകനും മരുമകളും രണ്ടുമക്കളും അവിടെയായിരുന്നു താമസം. മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മിൽ കഴിഞ്ഞമാസം വഴക്കുണ്ടായി. അയൽവാസികൾക്കു മുന്നിൽവെച്ച് സീതാരാമലക്ഷ്മി തന്നെ അപമാനിച്ചത് മഹാലക്ഷ്മിക്ക്‌ സഹിച്ചില്ല. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചത്.

ഭർത്താവിന്റെ ടിഷർട്ടും ട്രാക്ക് സ്യൂട്ടും ഹെൽമെറ്റും ധരിച്ചാണ് അവർ കൊല നടത്താനെത്തിയത്. ഭർത്തൃപിതാവ് വീട്ടിലില്ലായിരുന്നു. അദ്ദേഹം തിരിച്ചെത്തി പരിക്കേറ്റ സീതാരാമലക്ഷ്മിയെക്കണ്ട് ബഹളം വെച്ചപ്പോൾ കരച്ചിലുമായി മഹാലക്ഷ്മിയും ഒപ്പംകൂടി. മോഷ്ടാക്കളാണ് കൊലനടത്തിയതെന്ന് ധരിപ്പിക്കാനാണ് ആഭരണം മോഷ്ടിച്ചത്. കവർച്ച നടത്താനെത്തിയവരാണ് അക്രമികളെന്ന് അവർ പോലീസിനോട് പറയുകയുംചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റിലായ മഹാലക്ഷ്മിയെ റിമാൻഡ് ചെയ്ത് കൊക്രാകുളം വനിതാ ജയിലിലേക്ക് അയച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..