വാരാണസി: ഗ്യാൻവാപി പള്ളിയിലെ പൗരാണികവിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കാനായി ഹിന്ദുവിഭാഗം സമർപ്പിച്ച സിവിൽ കേസിന്റെ നിലനില്പ് ചോദ്യംചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വാരാണസി ജില്ലാ കോടതിയിൽ കേസ് തുടരാമെന്നും ജസ്റ്റിസ് ജെ.ജെ. മുനീറിന്റെ ബെഞ്ച് വ്യക്തമാക്കി.
1991-ലെ ആരാധനാലയ നിയമം, 1995-ലെ കേന്ദ്ര വഖഫ് നിയമം എന്നിവ പരിഗണിച്ചാൽ കേസിന് നിലനിൽപ്പുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡുമാണ് ഹൈക്കോടതിയിൽ റിവിഷൻഹർജി നൽകിയത്. ഇവരുടെ ആവശ്യം നേരത്തേ വാരാണസി ജില്ലാ കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കാശി വിശ്വനാഥക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിസമുച്ചയത്തിലെ മാ ശൃംഗാർ ഗൗരി സ്ഥലത്തുള്ള വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകളുൾപ്പെടെ ഒൻപതുപേരാണ് വാരാണസി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. ഹർജി ആദ്യം പരിഗണിച്ച വാരാണസി സിവിൽ കോടതി, പള്ളിയിൽ സർവേ നടത്താനും വീഡിയോചിത്രീകരണത്തിനുമായി അഭിഭാഷകസംഘത്തെ നിയോഗിച്ചു. ഈ സർവേയിൽ പള്ളിയിലെ കുളത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് റിപ്പോർട്ടു നൽകിയത് വൻവിവാദമായി. ഇത് ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.
ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ കാർബൺ ഡേറ്റിങ് നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാലിത് സുപ്രീംകോടതി അടുത്ത വാദം കേൾക്കുന്നതുവരെ മരവിപ്പിച്ചിരിക്കുകയാണ്.
വിധി സ്വാഗതാർഹം -വി.എച്ച്.പി.
ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട സിവിൽ കേസിന്റെ നിലനില്പ് ചോദ്യംചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. “ഉത്തരവ് കോടതി നടപടികൾ വേഗത്തിലാക്കും. അന്തിമവിജയം ഞങ്ങൾക്കാവുമെന്ന് ഉറപ്പാണ്. വിധി വേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ” -വി.എച്ച്.പി. ദേശീയ വർക്കിങ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..