ന്യൂഡൽഹി: മികവിനുള്ള അർജുന, ഖേൽരത്ന പുരസ്‌കാരങ്ങൾ വാങ്ങിയ നൂറുകണക്കിന് താരങ്ങളുള്ള രാജ്യത്ത് നീതിതേടി തെരുവിലിറങ്ങിയ താരങ്ങൾക്കായി ശബ്ദമുയർത്തിയത് വിരലിലെണ്ണാവുന്നവർ മാത്രം. സമരം അഞ്ചുമാസം പിന്നിടുമ്പോഴും വലിയൊരുവിഭാഗം പ്രതികരിച്ചിട്ടില്ല.
ഗുസ്തി താരങ്ങളെ പിന്തുണച്ചും സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കായികലോകത്തുനിന്ന് ആദ്യം രംഗത്തെത്തിയത് അത്‌ലറ്റ് നീരജ് ചോപ്രയാണ്. ഗുസ്തിക്കാർക്ക് നീതി ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഏപ്രിലിൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഞായറാഴ്ച ഡൽഹി പോലീസ്, താരങ്ങളെ നടുറോഡിൽ വലിച്ചിഴച്ചതിനെയും ചോപ്ര അപലപിച്ചു. കായികതാരം എന്നനിലയിലും സ്ത്രീയെന്നനിലയിലും ഗുസ്തിതാരങ്ങളുടെ സമരം കണ്ടുനിൽക്കാൻ ബുദ്ധിമുട്ടാണെന്ന് മുൻ ടെന്നീസ് താരം സാനിയ മിർസയും ഏപ്രിലിൽ പറഞ്ഞു. ഗുസ്തിക്കാർക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്നും അവർ എഴുതി.
രാജ്യത്തിന്റെ അഭിമാനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിൽ കായികതാരമെന്നനിലയിൽ വേദനയുണ്ടെന്ന് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഏപ്രിലിൽ ട്വിറ്ററിലെഴുതി. മറ്റ് മുൻ ക്രിക്കറ്റ് താരങ്ങളായ കപിൽദേവ്, വീരേന്ദ്ര സെവാഗ്, അനിൽ കുബ്ലെ, ഇർഫാൻ പഠാൻ എന്നിവർ ചൊവ്വാഴ്ച ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചു.
ഒളിമ്പ്യൻ അഭിനവ് ബിന്ദ്ര, രണ്ടുതവണ ബോക്സിങ് ലോകചാമ്പ്യനായ നിഖാത് സറീൻ, ഹോക്കി താരം റാണി രാംപാൽ എന്നിവരും ഗുസ്തിക്കാർക്ക് പിന്തുണ അറിയിച്ചു. ഗുസ്തിക്കാരെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തശേഷം പുറത്തുവന്ന ‘ഭയപ്പെടുത്തുന്ന ചിത്രങ്ങൾ തന്നെ വേട്ടയാടി’ എന്ന് ബിന്ദ്ര പറഞ്ഞു. നീന്തൽ താരം നിഷ മില്ലറ്റ്, അത്‌ലറ്റ് റീത്ത് എബ്രഹാം എന്നിവരുൾപ്പെടെയുള്ള കായികതാരങ്ങളും വനിതാ ഗുസ്തിക്കാരോടുള്ള പോലീസിന്റെ പെരുമാറ്റത്തെ അപലപിച്ചു.
ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, എഴുത്തുകാരായ അമൻദീപ് സന്ധു, ശാരദ ഉഗ്ര എന്നിവർ ഗുസ്തിക്കാർക്ക് നീതിനൽകണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. അതേസമയം, വിവിധ മേഖലകളിലെ വിലപ്പെട്ട താരങ്ങളും പ്രമുഖരും എഴുത്തുകാരുമെല്ലാം പ്രതികരണത്തിൽനിന്ന് വിട്ടുനിന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..