ന്യൂഡൽഹി: ഗുസ്തിതാരങ്ങൾക്കെതിരേ ലൈംഗികാതിക്രമം കാട്ടിയ ബി.ജെ.പി. എം.പി.ക്കെതിരേയും ലൈംഗികാതിക്രമ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരത്തിന്റെ പേര് വെളിപ്പെടുത്തിയ യുവാവിനെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ മേധാവി സ്വാതി മലിവാൾ പോലീസിന് നോട്ടീസയച്ചു. ജൂൺ ആറിന് 12-നുമുമ്പ് കേസെടുത്തശേഷം വിശദമായ റിപ്പോർട്ടുമായി ഡൽഹി പോലീസ് കമ്മിഷനുമുന്നിൽ ഹാജരാകാനാണ് നിർദേശം. പെൺകുട്ടിയുടെ അമ്മാവനായി വേഷമിട്ട ഒരാൾ രേഖകൾ കാണിച്ച് പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയെന്നും ഇരയെ സമർദത്തിലാക്കാനുള്ള നീക്കമാണിതെന്നും മലിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
‘പോക്സോ’ ബ്രിജ് ഭൂഷണ് ബാധകമല്ലേ -കപിൽ സിബൽ
: ബ്രിജ് ഭൂഷൺ സിങ്ങിനെതിരേ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാജ്യസഭാ എം.പി. കപിൽ സിബൽ. ബി.ജെ.പി.ക്കാരനായതിനാൽ പോക്സോയും ഉടനടി അറസ്റ്റും ബ്രിജ്ഭൂഷണ് ബാധകമല്ലെന്ന് സിബൽ ട്വീറ്ററിൽ കുറിച്ചു. പുതിയ ഇന്ത്യയിൽ വനിതാ താരങ്ങൾക്കല്ല വോട്ടിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂർത്തിയാകാത്ത താരം ഉൾപ്പെടെ പരാതിയുമായി എത്തിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറാകാത്തതിനെത്തുടർന്ന് മുതിർന്ന അഭിഭാഷകൻ കൂടിയായ സിബലാണ് അവർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. തുടർന്നാണ് ഡൽഹി കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനിൽ ബ്രിജ് ഭൂഷണെതിരേ രണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
ഗുസ്തിതാരങ്ങളിൽ അഭിമാനിക്കുന്നു -മമത
: ഗുസ്തിതാരങ്ങളുടെ പോരാട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ജന്തർമന്തറിൽ ഗുസ്തിക്കാരെ മർദിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളിൽ സംഘടിപ്പിക്കപ്പെട്ട റാലിയിൽ പങ്കെടുത്താണ് മമത പിന്തുണ അറിയിച്ചത്. ഞങ്ങൾക്ക് നീതിവേണം എന്നെഴുതിയ പ്ലക്കാർഡുമായാണ് റാലിക്ക് മുൻനിരയിലായി മമത അണിനിരന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..