ജാതിസംഘർഷം: പാണ്ഡ്യൻകുപ്പം നിരോധനാജ്ഞയിൽ 11 വർഷം


1 min read
Read later
Print
Share

ചെന്നൈ: ദളിതരും ഇതരജാതിക്കാരും തമ്മിലുള്ള സംഘർഷം തമിഴ്‌നാട്ടിലെ ഒരു കൊച്ചുഗ്രാമത്തെ കുരുക്കിയത് 11 വർഷം നീണ്ട നിരോധനാജ്ഞയിൽ. കള്ളക്കുറിച്ചി ജില്ലയിലെ പാണ്ഡ്യൻകുപ്പം ഗ്രാമത്തിനാണ് ഈ ദുരവസ്ഥ.

2012-ൽ നടപ്പാക്കിയ നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. ഒന്നിനും സ്വാതന്ത്ര്യമില്ലാതെ വന്നപ്പോൾ അന്ന് ഏറ്റുമുട്ടിയിരുന്ന ഇരുസമുദായങ്ങളും ഇപ്പോൾ പരസ്പരം കൈാർത്ത് നിൽക്കാനൊരുങ്ങുകയാണ്. അവർക്ക് ഒരാവശ്യം മാത്രം -എങ്ങനെയെങ്കിലും നിരോധനാജ്ഞ പൂർണമായും ഒഴിവാക്കണം. ഇതിനായി ജില്ലാഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ് അവർ.

2012 ജൂലായ് 30-നാണ് പാണ്ഡ്യൻകുപ്പത്ത് ജാതിസംഘർഷം തുടങ്ങിയത്. ദേവീ ക്ഷേത്രോത്സവത്തിൽ ദളിതരുടെ പ്രവേശനം ഇതരജാതിക്കാർ അനുവദിക്കാത്തതായിരുന്നു തുടക്കം. അതോടെ ഇരുവിഭാഗവും തമ്മിൽ സംഘർഷം ഉടലെടുത്തു. ഗ്രാമം പോലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സുരക്ഷയിലായി. അന്ന് വിഴുപുരം ജില്ലയിലായിരുന്നു പാണ്ഡ്യൻകുപ്പം. പിന്നീട് കള്ളക്കുറിച്ചി ജില്ലയിലുൾപ്പെട്ടപ്പോൾ അതിന്റെ ഒരു ഗുണഫലങ്ങളും ഇവിടുത്തുകാർക്ക് അനുഭവിക്കാനായില്ല. വർഷങ്ങളായി ഗ്രാമസഭാ യോഗം നടന്നിട്ടില്ല. ക്ഷേമപദ്ധതികളും നടപ്പാക്കാനായില്ല. ഗ്രാമസഭാ തലവനായി ഷൺമുഖം തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ വർഷം മേയ് ഒന്നിന് പ്രത്യേക അനുമതിയോടെ ഗ്രാമസഭായോഗം ചേർന്നത്. ഷൺമുഖം ഇരുവിഭാഗങ്ങളെയും കൂട്ടിയിണക്കാൻ പലവട്ടം ചർച്ചനടത്തി.

അതോടെയാണ് നിരോധനാജ്ഞ പിൻവലിക്കണമെന്ന് ഗ്രാമവാസികൾ ആഗ്രഹിക്കാൻ തുടങ്ങിയത്. അതിനായി അവർ ഒരുമിച്ച് ജില്ലാഭരണകൂടത്തോട് അപേക്ഷിക്കുകയാണ്. 11 വർഷം മുമ്പ് ഏറ്റുമുട്ടിയവർ ഇപ്പോൾ ഒരുമിക്കാൻ ആഗ്രഹിക്കുന്നത് സമാധാനാന്തരീക്ഷത്തിനു വഴി പാകുമെന്നാണ് ജില്ലാഭരണകൂടം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ 36 തവണയെങ്കിലും നിരോധനാജ്ഞ ഉത്തരവുകൾ നിരന്തരം ഇവിടെ ഏർപ്പെടുത്തുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ജാതിസംഘർഷം കാരണം വർഷങ്ങളായി പാണ്ഡ്യൻകുപ്പത്ത് ഗ്രാമസഭ ചേരുന്നില്ലെന്ന റിപ്പോർട്ട് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാതവേദ് പറഞ്ഞു. വൈകാതെ ഗ്രാമത്തിലെ നിരോധനാജ്ഞ പിൻവലിക്കാനുളള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..