മുംബൈ: പ്രമുഖ ടെലിവിഷൻ സീരിയലായ മഹാഭാരതത്തിലെ ശകുനിയുടെ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ ഗുഫി പെയിന്റൽ (79) അന്തരിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും രക്താതിമർദത്തെയും തുടർന്ന് കുറച്ചുനാളായി ആരോഗ്യം മോശമായിരുന്നു. എട്ടുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏകമകൻ ഹാരി പെയിന്റലിനും കുടുംബത്തിനുമൊപ്പമാണ് ഗുഫി താമസിച്ചിരുന്നത്. സംസ്കാരം അന്ധേരിയിലെ ശ്മശാനത്തിൽ നടന്നു.
ടെലിവിഷനിലും സിനിമയിലും ശ്രദ്ധേയനായിരുന്നു ഗുഫി. 1975-ൽ പുറത്തിറങ്ങിയ റഫു ചക്കർ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ദില്ലഗി, ദേശ് പർദേശ്, സുഹാഗ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സീരിയലുകളിലും വേഷമിട്ടു. ബഹദൂർ ഷാ സഫർ, കാനൂൻ, ഓം നമശിവായ്, സി.ഐ.ഡി., രാധകൃഷ്ണ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ഏതാനും ടി.വി. ഷോകളും ശ്രീ ചൈതന്യ മഹാപ്രഭു എന്ന സിനിമയും സംവിധാനംചെയ്തിട്ടുണ്ട്. ബി.ആർ. ഫിലിംസിനൊപ്പം, അസോസിയേറ്റ് ഡയറക്ടർ, കാസ്റ്റിങ് ഡയറക്ടർ, പ്രൊഡക്‌ഷൻ ഡിസൈനർ എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജയ് കനയ്യ ലാൽ കി എന്ന ടി.വി. ഷോയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1945-ൽ പാകിസ്താനിലെ ഝലത്തിൽ ജനുവരി നാലിനാണ് ജനിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..