ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഇടക്കാലജാമ്യം നൽകാതെ ഹൈക്കോടതി. എന്നാൽ, രോഗബാധിതയായ ഭാര്യയെ വീട്ടിലോ ആശുപത്രിയിലോ പോയിക്കാണാൻ അനുമതി നൽകി. സിസോദിയയുടെ ഭാര്യയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സൗകര്യമുള്ള ദിവസം രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിൽ സിസോദിയക്ക് ഭാര്യയെ സന്ദർശിക്കാം. മാധ്യമങ്ങളോട് സംസാരിക്കരുത്. ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കരുത്. സിസോദിയ ഭാര്യയെ കാണാനെത്തുമ്പോൾ അവിടെ മാധ്യമങ്ങൾ തടിച്ചുകൂടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് ഡൽഹി പോലീസിനോടും ആവശ്യപ്പെട്ടു.
തലച്ചോറിനെയും കേന്ദ്ര നാഡീവ്യൂഹത്തെയും തളർത്താൻ സാധ്യതയുള്ള മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് എന്ന രോഗമാണ് സിസോദിയയുടെ ഭാര്യ സീമയ്ക്ക്. അവരെ എയിംസിലെ മെഡിക്കൽ ബോർഡ് പരിശോധിച്ച് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഭാര്യയെ പരിചരിക്കാൻ ആറാഴ്ചത്തെ ഇടക്കാല ജാമ്യമാണ് സിസോദിയ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർത്തു. ഏറെ സ്വാധീനമുള്ള സിസോദിയ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ഇ.ഡി. വാദിച്ചത്.
ഫെബ്രുവരി 26-നാണ് സിസോദിയയെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി.യും അറസ്റ്റ് രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..