ബെംഗളൂരു: കർണാടകത്തിൽ കന്നുകാലി കശാപ്പ് നിരോധന-സംരക്ഷണ നിയമം പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തമാക്കി ബി.ജെ.പി.
ഗോവധ നിരോധനം പിൻവലിച്ചേക്കുമെന്ന് മൃഗസംരക്ഷണവകുപ്പുമന്ത്രി കെ. വെങ്കടേഷ് സൂചന നൽകിയതോടെയാണ് ബി.ജെ.പി. രംഗത്തെത്തിയത്. ബെംഗളൂരു, ചിക്കബെല്ലാപുര, മൈസൂരു, ദാവണഗെരെ തുടങ്ങിയ സ്ഥലങ്ങളിൽ ബി.ജെ.പി. പ്രതിഷേധം സംഘടിപ്പിച്ചു. ഗോവധ നിരോധനം പിൻവലിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. നിരോധനം തുടരണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. ചൊവ്വാഴ്ചയും പ്രതിഷേധം തുടരാനാണ് തീരുമാനം.
ഗോവധ നിരോധന നിയമം പിൻവലിക്കാൻ കോൺഗ്രസ് സർക്കാരിനെ അനുവദിക്കില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിയും എം.എൽ.സി.യുമായ എൻ. രവികുമാർ പറഞ്ഞു. മൈസൂരു ജില്ലാപഞ്ചായത്ത് ഓഫീസിനുമുന്നിൽനടന്ന പ്രതിഷേധത്തിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.
കന്നുകാലി കശാപ്പുനിരോധന-സംരക്ഷണ നിയമം പിൻവലിക്കുമെന്ന മന്ത്രി കെ. വെങ്കടേഷിന്റെ പ്രസ്താവന ബാലിശമാണെന്ന് ടി.എസ്. ശ്രീവാസ്തവ എം.എൽ.എ. കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പുസമയത്ത് ബജ്‌റംഗ്‌ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുക്കളുടെ താത്പര്യത്തിനുവിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുകാരണവശാലും കശാപ്പുനിരോധന നിയമം പിൻവലിക്കരുതെന്ന് ബി.ജെ.പി. നേതാവ് വി. കവീഷ് ഗൗഡ പറഞ്ഞു.
പ്രായമായ പോത്തുകളെ കശാപ്പുചെയ്യാമെങ്കിൽ എന്തുകൊണ്ട് പശുക്കളുടെ കാര്യത്തിൽ ബാധകമല്ലെന്നും വിഷയത്തിൽ ചർച്ച നടത്തിയശേഷം നിയമം പിൻവലിക്കുന്നതുസംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നുമായിരുന്നു മന്ത്രി വെങ്കടേഷ് പറഞ്ഞത്. ഇതിനെതിരേ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാർ പശുക്കളുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പശുക്കളെ അമ്മയെപ്പോലെയാണ് ആരാധിക്കുന്നതെന്നുമാണ് ബൊമ്മെ പറഞ്ഞത്. നിയമം പിൻവലിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് വിവിധ ഹൈന്ദവസംഘടനകളും മുന്നറിയിപ്പ് നൽകി. 1964-ലെ കർണാടക കന്നുകാലി കശാപ്പുനിരോധന നിയമത്തിനുപകരമായാണ് 2020-ൽ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ പുതിയനിയമം കൊണ്ടുവന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..