മൈസൂരു: കർണാടകത്തിലെ ചാമരാജനഗറിലുള്ള ബിലിഗിരി രംഗനാഥസ്വാമിക്ഷേത്ര കടുവസങ്കേതത്തിൽ പ്രമുഖ കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ കെ.എസ്. ഭഗവാനും സംഘവും സഞ്ചരിച്ച സഫാരി വാഹനം ആക്രമിക്കാൻ ശ്രമിച്ച് കാട്ടാന. ഭഗവാൻ ഉൾപ്പെടെയുള്ള എട്ടംഗസഞ്ചാരികളുടെ വാഹനത്തിനുനേരെയാണ് ആന പാഞ്ഞടുത്തത്. ഉടൻ വാഹനം സ്ഥലത്തുനിന്ന് വേഗത്തിൽ ഓടിച്ചുനീക്കുകയായിരുന്നു. വനത്തിലെ കെ. ഗുഡി റേഞ്ചിൽ ജീപ്പിൽ സഫാരിനടത്തുകയായിരുന്നു ഭഗവാനും സംഘവും. സഫാരിക്കിടെ ഏഴാനകളുടെ സംഘത്തെ കണ്ടതോടെ ഇവർ ഫോട്ടോയും വീഡിയോയും എടുത്തു. ഇതിനിടെ അപ്രതീക്ഷിതമായി ആനക്കൂട്ടത്തിൽനിന്ന് ഒരു പിടിയാന ജീപ്പിനുനേർക്ക് പാഞ്ഞടുക്കുകയായിരുന്നു. ഉടൻ ജീപ്പ് ഡ്രൈവർ ധൈര്യം കൈവിടാതെ വാഹനം പിന്നിലേക്ക് ഓടിച്ചു. ജീപ്പിനുപിന്നാലെ അല്പദൂരം ഓടിയ ആന പിന്നീട് പിൻവാങ്ങി. ആനക്കൂട്ടത്തിൽ ഒരു ആനക്കുട്ടിയുമുണ്ടായിരുന്നു. ആനക്കുട്ടിയുടെ സുരക്ഷയുറപ്പാക്കാനാണ് പിടിയാന വാഹനത്തിനുനേരെ പാഞ്ഞടുത്തതെന്നാണ് കരുതുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ കർണാടകത്തിലെ വന്യജീവിസങ്കേതമായ കബനിയിൽ സമാനസംഭവമുണ്ടായിരുന്നു. അന്ന് സഞ്ചാരികളുടെ സഫാരി ജീപ്പിനുനേർക്ക് കാട്ടാന പാഞ്ഞടുക്കുകയും ഡ്രൈവർ സംയമനം വിടാതെ വാഹനം പിന്നിലേക്ക് ഓടിച്ച് രക്ഷപ്പെടുകയുമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..