ചെന്നൈ: കടബാധ്യതകളെത്തുടർന്ന് അമ്മയും മകനും നൈട്രജൻ ഗ്യാസ് ശ്വസിച്ച് ജീവനൊടുക്കി. ധർമപുരിക്കുസമീപം ഒറ്റപ്പെട്ടിയിലെ മുൻ അധ്യാപകൻ പളനിവേലിന്റെ ഭാര്യ ശാന്തി (50), മകൻ വിജയാനന്ദ് (30) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പളനിവേൽ സമീപഗ്രാമത്തിലെ ബന്ധുവീട്ടിൽപോയ സമയത്ത് ശാന്തിയും വിജയാനന്ദും വീടുപൂട്ടി ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
രാത്രി വീട്ടിൽമടങ്ങിയെത്തിയ പളനിവേൽ വാതിൽ മുട്ടിയപ്പോൾ പ്രതികരണമുണ്ടായില്ല. തുടർന്ന്, അയൽവാസികളുടെ സഹായത്തോടെ വാതിൽപൊളിച്ച് അകത്തുകടന്നപ്പോൾ പ്ലാസ്റ്റിക് കവറുകൊണ്ട് മുഖംമറച്ചനിലയിൽ ശാന്തിയും വിജയാനന്ദും മരിച്ചതായി കണ്ടെത്തി. അതിയമ്മൻകോട്ട പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ധർമപുരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏക മകന്റെ കടബാധ്യതയിൽ മനംനൊന്താണ് അമ്മയും അവനൊപ്പം ജീവനൊടുക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തിലെ വിവരം.
എൻജിനിയറിങ് പഠിച്ചശേഷം നാമക്കലിൽ സ്വകാര്യ തുണിമില്ലിൽ ജോലിചെയ്യുകയായിരുന്നു വിജയാനന്ദ്. അതിനിടയിൽ പലരിൽനിന്നും കടംവാങ്ങി സ്വന്തമായി തുണിമിൽ തുടങ്ങി വൻ നഷ്ടത്തിലായി. പണം നൽകിയവർ തിരികെ ചോദിച്ചപ്പോൾ വിജയാനന്ദിന് നൽകാനായില്ല. ഇക്കാര്യം വിജയാനന്ദ് അമ്മയെ അറിയിച്ചതോടെ അവർ വിഷമത്തിലായി. നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് ആത്മഹത്യചെയ്യുന്നതിലേക്ക് വിജയാനന്ദിനെ നയിച്ചത് വെബ്‌സൈറ്റുകളിലെ വിവരമായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..