ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന മംഗള എക്സ്പ്രസിന്റെ എ.സി. കോച്ചുകൾക്കുള്ളിൽ പുക നിറഞ്ഞത് പരിഭ്രാന്തി പടർത്തി.
പിന്നാലെ, തീവണ്ടിയിലെ ഫയർ അലാറം മുഴങ്ങിയതോടെ യാത്രക്കാർ ചങ്ങലവലിച്ച് വണ്ടി നിർത്തി. തീപിടിച്ചേക്കുമെന്ന ആശങ്കയിൽ ഇരുനൂറോളം യാത്രികർ ഇറങ്ങിയോടി. തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് വണ്ടി പുറപ്പെട്ടത്. ഞായറാഴ്ച ഡൽഹിയിൽനിന്ന് പുറപ്പെട്ട മംഗള എക്സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് രത്നഗിരി സ്റ്റേഷൻ പിന്നിട്ടശേഷമുള്ള ടണലിലേക്ക് കയറിയപ്പോഴാണ് സംഭവം. കോച്ചിൽ പുകയുയർന്നപ്പോൾ വണ്ടി ടണലിനകത്തായിരുന്നത് യാത്രക്കാരിൽ ഭീതി വർധിപ്പിച്ചു. ചങ്ങല വലിച്ചുനിർത്തിയ വണ്ടിയിൽ സാങ്കേതികവിഭാഗം ജീവനക്കാർ കോച്ചിനകത്ത് പരിശോധന നടത്തി കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കി. അപ്പോഴേക്കും ഇരുനൂറോളം പേർ വണ്ടിയിൽനിന്നിറങ്ങി അടുത്ത സ്റ്റേഷനിലേക്കു പോയിരുന്നു.
ടണലിനു സമീപം മാലിന്യം കത്തിച്ചതിന്റെ പുകയാണ് കോച്ചിനകത്ത് കയറിയതെന്നാണ് പ്രാഥമിക നിഗമനം. പ്രശ്നമില്ലെന്ന് ഉറപ്പാക്കിയതോടെ വണ്ടി അടുത്ത സ്റ്റേഷനിൽ നിർത്തി. നേരത്തേ ഇറങ്ങിപ്പോയ യാത്രക്കാരുമെത്തി വണ്ടി എടുത്തപ്പോഴേക്കും ഒന്നരമണിക്കൂറോളം വൈകിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..