ന്യൂഡൽഹി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മിഷൻ ലൈഫിനുകീഴിൽ പരിസ്ഥിതിമന്ത്രാലയം സംഘടിപ്പിച്ച ദേശീയ ഇന്റർ-സ്കൂൾ ചിത്രരചനാമത്സരത്തിൽ കോഴിക്കോട് താമരശ്ശേരി സ്വദേശി എസ്. തീർഥയ്ക്ക് ഒന്നാംസ്ഥാനം. വിജ്ഞാൻ ഭവനിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവ് പുരസ്കാരം നൽകി.
ഐക്യരാഷ്ട്രസഭയ്ക്കുകീഴിലെ പരിസ്ഥിതിസംരക്ഷണവിഭാഗമായ യു.എൻ.ഇ.പി.യും നാഷണൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയും സംയുക്തമായാണ് മിഷൻ ലൈഫ് പദ്ധതിക്കുകീഴിൽ ദേശീയതല ചിത്രരചനാമത്സരം സംഘടിപ്പിച്ചത്. ‘ആരോഗ്യകരമായ സമ്പദ്‍വ്യവസ്ഥയ്ക്ക് ആരോഗ്യകരമായ സമുദ്രം’ എന്ന പ്രമേയം അടിസ്ഥാനമാക്കി ജലച്ചായം ഉപയോഗിച്ച് തീർഥ വരച്ച ചിത്രത്തിനാണ് ഒന്നാംസമ്മാനം.
കോരങ്ങാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയായ തീർഥ, സംസ്ഥാനസർക്കാരിന്റെ 2021-’22 വർഷത്തെ ഉജ്ജ്വലബാല്യം പുരസ്കാരജേതാവാണ്. താമരശ്ശേരി ‘സായിലക്ഷ്മി’യിൽ പി. വിജേഷിന്റെയും എം. ഷബ്‌നയുടെയും മകളാണ്. പരിസ്ഥിതിമന്ത്രാലയ സഹമന്ത്രി അശ്വിനി കുമാർ ചൗബേ, സെക്രട്ടറി ലീനാ നന്ദൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..