ന്യൂഡൽഹി: ഈ മാസം 12-ന് പട്നയിൽ നടത്താനിരുന്ന പ്രതിപക്ഷ ഐക്യസമ്മേളനം രാഹുൽഗാന്ധി വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം ജൂൺ 23-ന് നടത്താമെന്ന നിർദേശവുമായി കോൺഗ്രസ്. കോൺഗ്രസിന്റെ എതിർപ്പിനെ തുടർന്നാണ് യോഗം കഴിഞ്ഞദിവസം മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് ഐക്യയോഗത്തിന്റെ ഇടനിലക്കാരനായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
പ്രതിപക്ഷ നേതൃത്വത്തിന്റെ കേന്ദ്രസ്ഥാനത്ത് കോൺഗ്രസും രാഹുലും വരുന്നതിൽ അസന്തുഷ്ടിയുള്ള തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുടെ താത്‌പര്യപ്രകാരമാണ് നിതീഷ് 12-ന് പട്നയിൽ ഐക്യസമ്മേളനം വിളിച്ചത്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഇതിന് പിന്തുണനൽകി. എന്നാൽ, കോൺഗ്രസുമായി കൂടിയാലോചിക്കാതെയായിരുന്നു നിതീഷിന്റെ നടപടി.
രാഹുലില്ലാതെ നടത്തുന്ന യോഗത്തിന് ഏതെങ്കിലും മുതിർന്ന നേതാവിനെയോ മുഖ്യമന്ത്രിയെയോ അയച്ചാൽ മതിയെന്ന് കോൺഗ്രസ് നിലപാടെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കാനാവില്ലെന്നറിയിച്ചു. പ്രതിപക്ഷ ഐക്യം തുടക്കത്തിൽത്തന്നെ പാളിയെന്ന പ്രചാരണം നടത്താൻ ബി.ജെ.പി.ക്ക് ഇത് അവസരം നൽകുമെന്നതിനാൽ യോഗം മാറ്റുന്നതാണ് നല്ലതെന്ന് സി.പി.എമ്മും നിതീഷിനെ ഉപദേശിച്ചു. പിന്നാലെയാണ് സമയം മാറ്റാനുള്ള തീരുമാനമുണ്ടായത്.
കഴിഞ്ഞ മാസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലെത്തിയ നിതീഷിനോട് രാഹുലിന്റെ വിദേശപരിപാടികളെക്കുറിച്ച് പറഞ്ഞിരുന്നു. തുടർന്ന് വേദിയും സമയവും രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. എന്നാൽ, പിന്നീട് നിതീഷ് മമതയുമായി സംസാരിച്ചതോടെ ഇതിൽ മാറ്റംവന്നു. ഇത് കോൺഗ്രസിനെ അസ്വസ്ഥമാക്കി. പട്നയിലെ യോഗത്തിൽ 16 പാർട്ടികളായിരുന്നു പങ്കെടുക്കാമെന്നറിയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..