ബെംഗളൂരു: കർണാടകത്തിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയനുവദിക്കുന്ന കോൺഗ്രസ് വാഗ്ദാനമായ ശക്തി പദ്ധതി സംസ്ഥാനത്തെ സ്ഥിരതാമസക്കാർക്കു മാത്രമായിരിക്കുമെന്ന് സർക്കാർ. പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂൺ 11-ന് പദ്ധതി തുടങ്ങും.
യാത്ര ചെയ്യാനുള്ള ശക്തി സ്മാർട്ട് കാർഡിന് സർക്കാരിന്റെ പോർട്ടലായ സേവാസിന്ധുവിൽ അപേക്ഷ നൽകണം. മൂന്നുമാസമാണ് അപേക്ഷിക്കാനുള്ള സമയം. കാർഡ് വിതരണം ചെയ്യുന്നതുവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തിരിച്ചറിയൽ കാർഡ് മതിയാകും.
ആഡംബര ബസുകളായ രാജഹംസ, നോൺ എ.സി. സ്ലീപ്പർ, വജ്ര, വായു വജ്ര, ഐരാവത്, ഐരാവത് ക്ലബ്ബ് ക്ലാസ്, ഐരാവത് ഗോൾഡ് ക്ലാസ്, അംബാരി, അംബാരി ഡ്രീം ക്ലാസ്, അംബാരി ഉത്സവ് ഫ്ലൈ ബസ്, ഇ.വി. പവർ പ്ലസ് എന്നിവയിൽ സൗജന്യം അനുവദിക്കില്ല.
ഭിന്നലിംഗക്കാർക്കും സൗജന്യ യാത്ര അനുവദിക്കും. സംസ്ഥാനത്തിനകത്ത് സർവീസ് നടത്തുന്ന ബസിലായിരിക്കും ആനുകൂല്യം. ഗതാഗതവകുപ്പിന്റെ ബി.എം.ടി.സി., കെ.എസ്.ആർ.ടി.സി., എൻ.ഡബ്ല്യു. കെ.ആർ.ടി.സി., കെ.കെ.ആർ.ടി.സി. എന്നീ നാലു കോർപ്പറേഷനുകളുടെ ബസുകളും പദ്ധതിയുടെ ഭാഗമാണ്. ഇതിൽ ബി.എം.ടി.സി. ബസുകൾ ഒഴികെ മറ്റു മൂന്നിലും 50 ശതമാനം സീറ്റുകൾ പുരുഷന്മാർക്ക് സംവരണം ചെയ്യുമെന്നും ഉത്തരവിൽ പറഞ്ഞു. ഗുണഭോക്താവ് യാത്ര ചെയ്യുന്ന ദൂരം കണക്കാക്കി അതിന്റെ ചാർജ് കോർപ്പറേഷന് സർക്കാർ നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..