ന്യൂഡൽഹി: ഡാർക്ക് വെബ്ബിൽ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന അന്താരാഷ്ട്ര മയക്കുമരുന്നുകടത്തുശൃംഖല തകർത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) അറിയിച്ചു.
ദേശീയതലത്തിൽ നടത്തിയ റെയ്ഡിൽ 15,000 എൽ.എസ്.ഡി. ബ്ളോട്ടുകളാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്രവിപണിയിൽ 10 കോടി രൂപയെങ്കിലും വിലമതിക്കുന്നതാണ് ഈ ശേഖരം. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ എൽ.എസ്.ഡി. വേട്ടയാണ് ഇതെന്ന് എൻ.സി.ബി. അധികൃതർ അറിയിച്ചു. വിദ്യാർഥികളും ചെറുപ്പക്കാരുമുൾപ്പെടെ ആറുപേർ അറസ്റ്റിലായി. 25-28 പ്രായക്കാരാണ് എല്ലാവരും. ഇവരിൽ കേരളത്തിൽനിന്നുള്ള ഒരാളും ഉൾപ്പെടുന്നു. ആരുടെയും പേരുവിവരം പുറത്തുവിട്ടിട്ടില്ല. പെട്ടെന്ന് പണമുണ്ടാക്കാൻവേണ്ടി അതിരഹസ്യമായി പ്രവർത്തിക്കുകയായിരുന്നു ഇവരെന്ന് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ(നോർത്തേൺ റേഞ്ച്) ഗ്യാനേശ്വർ സിങ് പറഞ്ഞു.
ഒരു എൽ.എസ്.ഡി. ബ്ളോട്ടിന് വിപണിയിൽ 5000 മുതൽ 7000 രൂപ വരെ വിലയുണ്ട്. റെയ്ഡിൽ ഇറക്കുമതി ചെയ്ത രണ്ടരകിലോഗ്രാം മരിൻജുവാനയും 4.56 ലക്ഷം രൂപയുടെ നോട്ടുകളും പിടികൂടിയിട്ടുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 20 ലക്ഷത്തിലേറെ രൂപയും കണ്ടെത്തി.
പോളണ്ട്, നെതർലൻഡ്സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മയക്കുമരുന്നുമാഫിയകളുമായി ബന്ധം പുലർത്തിയിരുന്നവരാണ് പിടിയിലായത്. ഇന്റർനെറ്റ് പ്ളാറ്റ്ഫോമിൽ നിഗൂഢമായി പ്രവർത്തിക്കുന്ന ഡാർക്ക് വെബ്ബിലൂടെയായിരുന്നു ഇടപാടുകൾ. ക്രിപ്റ്റോ കറൻസിയും ക്രിപ്റ്റോ വാലറ്റുമാണ് അതിനായി പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ജമ്മുകശ്മീർ, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കുപുറമേ കേരളത്തിലേക്കും ശൃംഖല വ്യാപിച്ചിരുന്നു.
പോളണ്ട്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നാണ് എൽ.എസ്.ഡി ബ്ളോട്ടുകൾ ഇറക്കുമതി ചെയ്തിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ആവശ്യക്കാർക്ക് കൂറിയർ സർവീസ്, സ്പീഡ്പോസ്റ്റ് വഴിയാണ് എത്തിച്ചിരുന്നത്. ക്രിപ്റ്റോ കറൻസിക്കുപുറമേ യു.പി.ഐ. മാർഗത്തിലൂടെയും പണം സ്വീകരിച്ചിരുന്നതായി അധികൃതർ പറഞ്ഞു.
അറസ്റ്റിലായവരിൽ നോയ്ഡയിലെ സ്വകാര്യ സർവകലാശാലയിൽ പഠിക്കുന്ന ഗോവ സ്വദേശിയായ വിദ്യാർഥിയും ഡൽഹി സ്വദേശിയായ പെൺകുട്ടിയും ജയ്‍പുർ സ്വദേശിയായ വിതരണക്കാരനും ഉൾപ്പെടുന്നു.
2021-ൽ കർണാടക പോലീസും 2022-ൽ കൊൽക്കത്ത പോലീസും 5000 ബ്ളോട്ടുവീതം പിടികൂടിയതാണ് ഇതിനുമുൻപ് രാജ്യത്തുനടന്ന വലിയ എൽ.എസ്.ഡി. വേട്ടകൾ.
ഡാർക്ക് വെബ്ബിന്റെ ഇരുട്ടിൽ
ഇന്റർനെറ്റ് പ്ളാറ്റ്ഫോമിൽ പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും കണ്ണുവെട്ടിച്ച് നിഗൂഢമായാണ് ഡാർക്ക് വെബ്ബിന്റെ പ്രവർത്തനം. മയക്കുമരുന്നുവിപണനം, അശ്ലീലചിത്രക്കച്ചവടം, പെൺവാണിഭം തുടങ്ങിയ നിയമവിരുദ്ധപ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. വിൽക്കുന്നവരും വാങ്ങുന്നവരും ആരെന്ന് പരിചയപ്പെടുത്താതെ രഹസ്യ ഇൻറർനെറ്റ് അധിഷ്ഠിത ആപ്പുകളും വിക്കർപോലുള്ള മെസഞ്ചർ സർവീസുകളുമൊക്കെയാണ് അറസ്റ്റിലായവർ പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..