ചെന്നൈ: കൂടുതൽ തിരക്കനുഭവപ്പെടുന്ന റൂട്ടുകളിൽ പ്രത്യേക അന്ത്യോദയ തീവണ്ടികൾ ഓടിക്കുന്നതിനെക്കുറിച്ച് ദക്ഷിണ റെയിൽവേ ആലോചിക്കുന്നു. സംസ്ഥാനത്തുനിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ദക്ഷിണ റെയിൽവേയിലെ തിരക്കുള്ള റൂട്ടുകളിലും ഓടിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കണമെന്ന് അഭ്യർഥിച്ച് ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് ശുപാർശയയച്ചു.
ബാലസോറിൽ മൂന്ന് തീവണ്ടികൾ കൂട്ടിയിടിച്ച് അപകടമുണ്ടായ സാഹചര്യത്തിലാണ് നിർദേശം മുന്നോട്ടുവെച്ചത്. ജനറൽകോച്ചുകൾ മാത്രമടങ്ങിയ അന്ത്യോദയ തീവണ്ടികളിൽ കുഷ്യൻസീറ്റുകളാണ്. തീവണ്ടിക്കുള്ളിൽ യാത്രക്കാർക്ക് എളുപ്പം നടന്നുനീങ്ങാവുന്ന രീതിയിലാണ് രൂപകല്പനചെയ്തിരിക്കുന്നത്. കോറമണ്ഡൽ എക്സ്പ്രസ് അപകടത്തിൽപ്പെടുമ്പോൾ ജനറൽ കോച്ചുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞ നിലയിലായിരുന്നു.
മരണനിരക്ക് കൂടാൻ ജനറൽ കോച്ചുകളിലെ തിരക്കും കാരണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് കൂടുതൽ അന്ത്യോദയ തീവണ്ടികളോടിക്കാനുള്ള നിർദേശം ദക്ഷിണ റെയിൽവേ റെയിൽവേബോർഡിന് മുമ്പാകെ വെച്ചത്. എന്നാൽ, റെയിൽവേ വന്ദേഭാരത് തീവണ്ടികളിൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ അന്ത്യോദയ തീവണ്ടികളുടെ കോച്ചുകൾ ഇപ്പോൾ നാമമാത്രമായാണ് നിർമിക്കുന്നത്. 2017-ലാണ് ഇന്ത്യൻ റെയിൽവേ അന്ത്യോദയ തീവണ്ടികളോടിക്കാൻ തുടങ്ങിയത്. 17 റൂട്ടുകളിൽ മാത്രമാണ് അന്ത്യോദയ തീവണ്ടികൾ സർവീസ് നടത്തുന്നത്. കൂടുതൽ റൂട്ടുകളിൽ അന്ത്യോദയ തീവണ്ടികൾ സർവീസ് നടത്തിയാൽ സാധാരണയാത്രക്കാർക്ക് സുഖകരമായി യാത്രചെയ്യാൻ കഴിയുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..