ചെന്നൈ: ചെന്നൈയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ‘എം.വി. എംപ്രസ്’ സർവീസ് തുടങ്ങി. കേന്ദ്ര തുറമുഖ- ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പച്ചക്കൊടി വീശി കന്നിയാത്രയ്ക്കു തുടക്കമിട്ടു. 17.21 കോടി രൂപ ചെലവിട്ട് ചെന്നൈ തുറമുഖത്തൊരുക്കിയ അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം ടെർമിനലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ശ്രീലങ്കയിലെ ഹമ്പൻതോട്ട, ട്രിങ്കോമാലി, കങ്കേശൻതുറൈ എന്നീ മൂന്ന് തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ റെഗുലർ അന്താരാഷ്ട്ര ക്രൂയിസ് പാസഞ്ചർ കപ്പലാണിത്. ശ്രീലങ്കയിലെ മനോഹരമായ ദ്വീപുകളും പുരാതന ബുദ്ധക്ഷേത്രങ്ങളും കണ്ടാസ്വദിക്കാനാവും.
പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായ സൗകര്യങ്ങളാണുള്ളത്. കിടപ്പുമുറിയിൽനിന്ന് സമുദ്രഭംഗി ആസ്വദിക്കാനാവും. കപ്പലിനകത്തുനിന്ന് കണ്ണാടിച്ചുവരുകളിലൂടെ കടലിന്റെ സൗന്ദര്യവും നുകരാം. വിവിധയിനം ഭക്ഷണങ്ങളും ഓൺ ബോർഡ് ഷോപ്പിങ് സൗകര്യവുമുണ്ട്. രണ്ടുമുതൽ അഞ്ച് രാത്രി വരെയുള്ള ടൂർ പാക്കേജുകളാണുള്ളത്. യാത്രാ നിരക്ക് 85,000 മുതൽ രണ്ടു ലക്ഷം രൂപ വരെ. ചെന്നൈ തുറമുഖവും വാട്ടർവേസ് ലെഷർ ടൂറിസവും തമ്മിൽ 2022-ൽ നടന്ന ഇൻക്രെഡിബിൾ ഇന്ത്യ ഇന്റർനാഷണൽ ക്രൂയിസ് സമ്മേളനത്തിൽ ഒപ്പുവെച്ച ധാരണാ പത്രത്തിന്റെ ഫലമാണ് ക്രൂയിസ് സർവീസ്. ചെന്നൈ തുറമുഖത്ത് തുറന്ന 2,880 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ക്രൂയിസ് ടെർമിനലിൽ 3000 പേരെ ഉൾക്കൊള്ളാനാകും. ഷോപ്പിങ് കൗണ്ടറുകൾ, ബാഗേജ് സ്കാനറുകൾ, ഇമിഗ്രേഷൻ കൗണ്ടറുകൾ എന്നിങ്ങനെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
അടുത്തവർഷം മൂന്ന് അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ കൂടി -മന്ത്രി
ചെന്നൈ: 2024-ഓടെ രാജ്യത്ത് മൂന്ന് പുതിയ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലുകളുടെ നിർമാണം പൂർത്തീകരിക്കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. നിലവിൽ രാജ്യത്ത് 208 ക്രൂയിസ് കപ്പലുകളുണ്ട്. 2030-ഓടെ ഇത് 500 ആയും 2047-ഓടെ 1,100 ആയും വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ക്രൂയിസ് യാത്രികരുടെ എണ്ണം നിലവിലെ 9.5 ലക്ഷത്തിൽനിന്ന് 2047 ആകുമ്പോഴേക്കും 45 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചെന്നൈ - ശ്രീലങ്ക ക്രൂയിസ് സർവീസ് രാജ്യത്തെ ക്രൂയിസ് ടൂറിസം മേഖലയിൽ പുതിയ അധ്യായം തുറക്കുകയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്ക്, കിഴക്കൻ തീരങ്ങളിൽ ക്രൂയിസ് സർവീസുകൾ കൂടുതൽ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും മന്ത്രിയറിയിച്ചു. ഇതിനായി ഗുജറാത്ത് തീർഥാടന പര്യടനങ്ങൾ, സാംസ്കാരിക യാത്രകൾ എന്നിവയൊരുക്കുകയും ആയുർവേദ, പൈതൃക ടൂറിസത്തിന് പ്രാമുഖ്യം നൽകുകയും ചെയ്യും. അന്തമാൻ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ക്രൂയിസ് ടൂറിസം ടെർമിനലിനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. ഇന്ത്യയ്ക്കും ശ്രീലങ്ക, തായ്‌ലൻഡ്, മ്യാൻമാർ എന്നീ രാജ്യങ്ങൾക്കുമിടയിൽ ഫെറി സർവീസുകൾ വികസിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..