ഇംഫാൽ: കലാപം ശമിക്കാതെ മണിപ്പുർ. ചൊവ്വാഴ്ച പുലർച്ചെ കുക്കി കലാപകാരികളുടെ വെടിവെപ്പിൽ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു. അർധസൈനികവിഭാഗമായ അസം റൈഫിൾസിലെ രണ്ടുസൈനികർക്ക് പരിക്കേറ്റു.
കാക്ചിങ് ജില്ലയിലെ സുഗ്‍നുവിൽ ഒരു സ്കൂളിനുസമീപത്ത് പുലർച്ചെ നാലോടെയാണ് വെടിവെപ്പുണ്ടായത്. കോൺസ്റ്റബിൽ രഞ്ജിത് യാദവ് ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് അസം റൈഫിൾസും ബി.എസ്.എഫും പോലീസും സംയുക്ത തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ഇംഫാലിലെ ഫായെങ്ങിലും സുരക്ഷാസേനയും കുക്കി കലാപകാരികളും തമ്മിൽ വെടിവെപ്പുണ്ടായി. ഞായറാഴ്ച രാത്രി കാക്ചിങ്ങിൽ യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് (യു.കെ.എൽ.എഫ്.) ഉപയോഗിച്ച ക്യാമ്പിന് ഗ്രാമീണർ തീയിട്ടിരുന്നു. ശനിയാഴ്ച രാത്രി കലാപകാരികൾ സുഗ്‍നുവിലെ കോൺഗ്രസ് എം.എൽ.എ. കെ. രൺജിത്തിന്റെയടക്കം നൂറോളം വീടുകൾക്ക് തീവെച്ചതിനെത്തുടർന്നാണ് ഗ്രാമീണർ തിരിച്ചടിച്ചത്.
തിങ്കളാഴ്ച ആയുധധാരികളായ കുക്കികളും ഫായെങ് വില്ലേജ് സന്നദ്ധസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കേർപ്പെടുത്തിയ നിരോധനം സർക്കാർ പത്തുവരെ നീട്ടി. കലാപംതുടങ്ങിയ മേയ് മൂന്നിനാണ് നിരോധനമേർപ്പെടുത്തിയത്.
ഒരുമാസം മുൻപ് കുക്കികളും മെയ്ത്തികളും തമ്മിൽ തുടങ്ങിയ കലാപത്തിൽ ഇതുവരെ 98 പേരാണ് കൊല്ലപ്പെട്ടത്. 310 പേർക്ക് പരിക്കേറ്റു. 37,450 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് സംസ്ഥാനത്ത് ക്രമസമാധനം പുനഃസ്ഥാപിക്കാൻ നിയോഗിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..