അഹമ്മദാബാദ്: രാജ്യത്തെ എല്ലാ ജില്ലയിൽനിന്നും തിരഞ്ഞെടുത്ത രണ്ടുകുട്ടികളെ ഒരാഴ്ച നരേന്ദ്രമോദി പഠിച്ച സ്കൂളിൽ താമസിപ്പിച്ച് പരിശീലനം നൽകാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപംനൽകി. ‘പ്രേരണ-പ്രാദേശികവിദ്യാലയം’ എന്ന പരിപാടിയിലൂടെ വർഷം 1500 വിദ്യാർഥികൾക്ക് പരിശീലനം നൽകും.
ഗുജറാത്തിൽ മഹസാണ ജില്ലയിലെ വഡ്നഗറിൽ 1888-ൽ സ്ഥാപിതമായ വഡ്നഗർ കുമാരശാലയിലാണ് പ്രധാനമന്ത്രി പ്രാഥമികവിദ്യാഭ്യാസം നേടിയത്. 2018-ൽ സ്കൂൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുത്ത് തനിമ നിലനിർത്തി നന്നാക്കിയെടുത്തു. 2500 വർഷം പഴക്കമുള്ള ബുദ്ധമതകേന്ദ്രമായ വഡ് നഗറിലെ പുരാവസ്തു സംരക്ഷണ പദ്ധതിയുടെ ഭാഗമാണിത്. മഹാൻമാരായ ലോക നേതാക്കൾ അവരുടെ പാഠശാലകളെ പ്രചോദനത്തിന്റെ ഉറവിടങ്ങളായി കാണുന്നുണ്ടെന്ന് പദ്ധതി രേഖയിൽ പറയുന്നു. രാജ്യത്തെ യുവത്വത്തെ മാറ്റത്തിന്റെ വക്താക്കളാക്കാൻ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പരിപാടി തയ്യാറാക്കിയതെന്നും വ്യക്തമാക്കുന്നുണ്ട്.
പഠനമികവ്, പാഠ്യേതര പ്രവർത്തനം, സർഗാത്മകത എന്നിവയുടെ അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുക്കും. ഒരു ബാച്ചിൽ 30 പേരാണ് ഉണ്ടാവുക. ഒരാഴ്ച താമസിക്കുന്നതിനുള്ള ചെലവെല്ലാം സർക്കാർ വഹിക്കും. 750 ജില്ലകൾക്കും ഒരു വർഷം കൊണ്ട് പ്രതിനിധ്യം ലഭിക്കും. പരമവീരചക്രം ലഭിച്ച സൈനികരുടെ ധീരത, രാഷ്ട്രനേതാക്കളുടെ മൂല്യങ്ങൾ, രാജ്യാഭിമാനം തുടങ്ങിയവ പഠിതാക്കളിൽ വളർത്താൻ ഉതകുന്നതാവും ക്ളാസുകൾ. 2023 അവസാനത്തോടെ പദ്ധതി ആരംഭിച്ചേക്കും.
ഗാന്ധിജി ഉൾപ്പെടെ രാഷ്ട്രനേതാക്കളുടെ വിദ്യാലയങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിയുടെ സ്കൂൾ കേന്ദ്രീകരിച്ച് ഇങ്ങനെയൊരു പദ്ധതി ആദ്യമാണ്. അഹമ്മദാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനും മോദിയുടെ പേരാണ് നൽകിയിട്ടുള്ളത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..