ലഖ്‌നൗ: വാരാണസി ഗ്യാൻവാപി മസ്ജിദ് കേസിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ ദയാവധം ആവശ്യപ്പെട്ട് ഹർജിക്കാരിയായ രാഖിസിങ് രാഷ്ട്രപതിക്ക് കത്തയച്ചു. സഹഹർജിക്കാരിൽ നിന്നുള്ള പീഡനം സഹിക്കാനാവില്ലെന്ന് ആരോപിച്ചാണിത്.
കാശിവിശ്വനാഥക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഖിസിങ് ഉൾപ്പെടെ അഞ്ചുസ്ത്രീകളാണ് വാരാണസി കോടതിയെ സമീപിച്ചത്. ദയാവധമനുവദിക്കണമെന്ന തന്റെ ആവശ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുവരെ രാഷ്ട്രപതിയുടെ പ്രതികരണത്തിനായി കാക്കുമെന്നും അതുകഴിഞ്ഞാൽ സ്വന്തംനിലയ്ക്ക് തീരുമാനമെടുക്കുമെന്നും രാഖിസിങ്ങിന്റെ കത്തിൽ പറയുന്നു.
“മറ്റു നാലുഹർജിക്കാരും ഹിന്ദുസമൂഹത്തിൽ എന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞാൻ കേസിൽനിന്ന് പിന്മാറുകയാണെന്ന് 2022 മേയ് മാസംതന്നെ അവർ കിംവദന്തി പരത്തി. എന്നാൽ, ഞാനോ എന്റെ അമ്മാവൻ ജിതേന്ദ്രസിങ് വിസനോ അത്തരമൊരു പ്രസ്താവന നടത്തിയിരുന്നില്ല. ആശയക്കുഴപ്പംകാരണം ഹിന്ദുസമൂഹം എനിക്കും എന്റെ കുടുംബത്തിനുമെതിരേ തിരിഞ്ഞു. സർക്കാരിന്റെ പ്രതിനിധികളും ഈ പ്രചാരണത്തിൽ ഏർപ്പെട്ടു. ഇത് എന്നെയും അമ്മാവനെയും മാനസികസമ്മർദത്തിലാക്കി.”-രാഖി സിങ് പറഞ്ഞു.
കേസിൽ പ്രധാനഹർജിക്കാരിൽ ഒരാളാണ് രാഖിയുടെ അമ്മാവനും വിശ്വവേദസനാതൻ സംഘിന്റെ അധ്യക്ഷനുമായ ജിതേന്ദ്രസിങ്. ഗ്യാൻവാപി തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽനിന്നും താനും ബന്ധുക്കളും പിൻവാങ്ങുകയാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
“സഹഹർജിക്കാർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ഞങ്ങൾ പീഡനം നേരിടുകയാണ്. ഈയൊരു സാഹചര്യത്തിൽ, പരിമിതമായ ശക്തിയും വിഭവങ്ങളുള്ള ഞങ്ങൾക്ക് ഈ ‘ധർമ’ പോരാട്ടം തുടരാൻ കഴിയില്ല. അതുകൊണ്ടാണ് കേസിൽനിന്ന് പിന്മാറുന്നത്. മതത്തിന്റെ പേരിൽ തട്ടിപ്പുനടത്തി തെറ്റിദ്ധരിപ്പിക്കുന്നവർക്കൊപ്പം മാത്രമാണ് ഈ സമൂഹം”-ജിതേന്ദ്രസിങ് പ്രതികരിച്ചു.
രാഖിസിങ്ങും മറ്റു നാലുസ്ത്രീകളും ചേർന്ന് 2021 ഓഗസ്റ്റിലാണ് ഗ്യാൻവാപി പള്ളിസമുച്ചയത്തിലെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. കേസ് നിലവിൽ വാരാണസി ജില്ലാകോടതിയുടെ പരിഗണനയിലാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..