ന്യൂഡൽഹി: ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് അധികാരം കൈമാറിയത് ചെങ്കോൽവഴിയാണെന്ന കാര്യം അറിയില്ലെന്ന് തിരുവാടുതുറൈ ആധീനം മുഖ്യ മഠാധിപതി ശ്രീ ലാ ശ്രീ അമ്പലവന ദേശിക പരമാചാര്യ സ്വാമികൾ. ‘ദി ഹിന്ദു’ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ആധീനത്തിലെ 24-ാം മഠാധിപതിയാണ് അദ്ദേഹം.
പുതിയ പാർലമെന്റിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷ്ഠിച്ച ചെങ്കോൽ അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി മൗണ്ട് ബാറ്റണിൽനിന്ന് നെഹ്രു സ്വീകരിച്ചതാണെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾക്കിടയിലാണ് ചെങ്കോൽ സമ്മാനിച്ച ആധീനത്തിലെ മുഖ്യപുരോഹിതന്റെ വെളിപ്പെടുത്തൽ. ഇതോടെ ബി.ജെ.പി.യുടെ വ്യാജ നിർമാണഫാക്ടറി തുറന്നുകാട്ടപ്പെട്ടതായി കോൺഗ്രസ് പരിഹസിച്ചു.
ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങളില്ലെന്ന് ആധീനം മഠാധിപതി പറഞ്ഞു. ‘ഇതേക്കുറിച്ച് ചെറിയൊരു സിനിമ ഇറങ്ങിയതായി അറിഞ്ഞു. ചിലർ പറയുന്നു ചെങ്കോൽ മൗണ്ട് ബാറ്റണ് നൽകിയെന്ന്. ആ കാലത്തുള്ള ആൾക്കാരും അതുപറയുന്നു. അല്ലെങ്കിലും ചെങ്കോൽ മൗണ്ട് ബാറ്റണ് കൊടുക്കുന്നതിൽ എന്താണുകാര്യം. അദ്ദേഹം എല്ലാ അധികാരങ്ങളും നൽകി ഇന്ത്യ വിടുകയല്ലേ. നെഹ്രുവിനാണ് പ്രാധാന്യം’-സ്വാമികൾ പറഞ്ഞു. മൗണ്ട് ബാറ്റണ് നൽകി എന്ന അവകാശവാദത്തിന് തെളിവൊന്നുമില്ലെന്നും മഠത്തിൽ 1947-ൽ ചില സുവനീറുകൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അതു കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവാടുതുറൈയിലെ മുഖ്യ സ്വാമികൾതന്നെ ബി.ജെ.പി.യുടെ വ്യാജനിർമാണ ഫാക്ടറി തുറന്നുകാട്ടിയതായി കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് പറഞ്ഞു. ‘മൗണ്ട് ബാറ്റണില്ല, രാജാജിയില്ല, 1947 ഓഗസ്റ്റ് 14-ലെ അധികാരക്കൈമാറ്റത്തിൽ പങ്കുമില്ല. പക്ഷേ, എല്ലായ്‌പ്പോഴും പറഞ്ഞതുപോലെ പ്രൗഢമായ ചെങ്കോൽ നെഹ്രുവിന് സമർപ്പിച്ചു. അത് പൂർണമായും തിരുവാടുതുറൈ ആധീനത്തിന്റെ താത്‌പര്യപ്രകാരമായിരുന്നു’-ജയ്‌റാം രമേഷ് ട്വിറ്ററിൽ കുറിച്ചു.
നെഹ്രുവിന് ചെങ്കോൽ സമ്മാനിച്ചു എന്ന വിവരം മാത്രമാണ് ടൈം മാഗസിൻ, സ്വാതന്ത്ര്യം അർധരാത്രിയിൽ തുടങ്ങിയ ചരിത്രരേഖകളിലെല്ലാം ഉള്ളത്. ഇത് അധികാരക്കൈമാറ്റത്തിന്റെ ഭാഗമാണെന്ന് ആദ്യമായി അവകാശവാദം ഉയർന്നത് 2017-ൽ ആണെന്ന് കേന്ദ്രസർക്കാർ മാധ്യമപ്രവർത്തകർക്ക് നൽകിയ രേഖയിലും പറയുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..