കോൺഗ്രസ് പ്രവർത്തകസമിതിയോഗത്തിനായി ഹൈദരാബാദിലെത്തിയ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവർ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം | Photo: PTI
ഹൈദരാബാദ്: സാമൂഹിക നീതിക്കായുള്ള നിർണായക പ്രഖ്യാപനവുമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകസമിതിയുടെ ആദ്യ യോഗം.
പട്ടികജാതി-വർഗ, ഒ.ബി.സി. സംവരണ പരിധി ഉയർത്തണമെന്ന് ദളിത് നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽചേർന്ന യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജാതിസെൻസസ് നടത്തി സമൂഹത്തിലെ ദരിദ്രവിഭാഗത്തിന് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷ്യസുരക്ഷ തുടങ്ങിയ അവകാശങ്ങൾ ലഭ്യമാക്കണമെന്ന് ഖാർഗെ പറഞ്ഞു.
സാമൂഹിക-സാമ്പത്തിക നീതിയോടുള്ള നിഷേധാത്മക നിലപാടാണ് ജാതി സെൻസസ് നടത്തില്ലെന്ന നരേന്ദ്രമോദി സർക്കാരിന്റെ ശാഠ്യം അടിവരയിടുന്നത്. ഈ വിസമ്മതം പിന്നാക്കവിഭാഗങ്ങൾ, ദളിതർ, ഗോത്രവർഗക്കാർ എന്നിവരോടുള്ള ബി.ജെ.പി.യുടെ പ്രതിബദ്ധതയില്ലായ്മയും പക്ഷപാതവും തുറന്നുകാട്ടുന്നു. 2021-ലെ സെൻസസ് വൈകുന്നത് ഇന്ത്യക്ക് ദേശീയ-അന്തർദേശീയ തലത്തിൽ നാണക്കേടുണ്ടാക്കി. 2011-ലെ റേഷൻകാർഡുകൾ വിതരണം ചെയ്യുന്നതിനാൽ ദരിദ്രരായ 14 കോടി ഇന്ത്യക്കാർക്ക് ഭക്ഷണത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു -പ്രമേയത്തിൽ പറഞ്ഞു.
2021 സെൻസസിനൊപ്പം ജാതിസെൻസസും നടത്തണമെന്ന് ഖാർഗെയും ആവശ്യപ്പെട്ടു. ഉദയ്‍പുർ ചിന്തൻ ശിബിരത്തിന്റെയും റായ്‍പുർ പ്ലീനറിയുടെയും സാമൂഹികനീതിക്കായുള്ള ചർച്ചകളുടെ തുടർച്ചയായാണ് ബി.ജെ.പി.യുടെ ഹിന്ദുത്വരാഷ്ട്രീയത്തെ പിന്നാക്ക രാഷ്ട്രീയത്തിലൂടെ നേരിടാനുള്ള കോൺഗ്രസ് നീക്കം. കർണാടക തിരഞ്ഞെടുപ്പിൽ ദളിത് നേതാവായ ഖാർഗെയുടെ കീഴിൽ ഒ.ബി.സി.-എസ്.സി.-എസ്.ടി.-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത് നേട്ടമായെന്നും സമിതി വിലയിരുത്തി.
രാജ്യത്തെ ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയത്തിൽനിന്ന് മുക്തമാക്കാൻ ഇന്ത്യ സഖ്യത്തെ പ്രത്യയശാസ്ത്രപരമായും തിരഞ്ഞെടുപ്പിലും വിജയമാക്കണമെന്നും രാഷ്ട്രീയപ്രമേയത്തിൽ ആവശ്യപ്പെട്ടു. ബി.ജെ.പി.യെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ 28 പ്രതിപക്ഷപാർട്ടികളുടെ സഖ്യമായ ‘ഇന്ത്യ’ക്കൊപ്പം കോൺഗ്രസ് മുൻപന്തിയിൽനിന്ന് പോരാടണമെന്ന് സോണിയാ ഗാന്ധിയും നിർദേശിച്ചു. പൊതുസ്ഥാനാർഥിയെ നിർത്താനും സീറ്റുവിഭജനത്തിനും എല്ലാ സംസ്ഥാന ഘടകങ്ങളും ഇന്ത്യയുടെ ഭാഗമായി സമവായത്തിന്റെയും ഐക്യത്തിന്റെയും വഴി സ്വീകരിക്കണമെന്ന് സോണിയ നിർദേശിച്ചു. ഐക്യത്തോടെ എല്ലാ നേതാക്കളും തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് പറഞ്ഞ രാഹുൽഗാന്ധി, ഒരുവർഷമായി കോൺഗ്രസിനെ മികച്ചരീതിയിലാണ് ഖാർഗെ നയിക്കുന്നതെന്ന് അഭിനന്ദിച്ചു.
പുതിയ ഭരണഘടനയ്ക്കുള്ള ആഹ്വാനവും ഭരണഘടനയുടെ അടിസ്ഥാനഘടന മാറ്റാനുള്ള ബി.ജെ.പി.യുടെ വാദവും പ്രവർത്തകസമിതി തള്ളി. യോഗത്തിൽ രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി, ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ഞായറാഴ്ച നടക്കുന്ന അനുബന്ധ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന-ദേശീയ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഇന്ത്യ സീറ്റുവിഭജനവും ചർച്ചയാവും. വൈകീട്ട് തുക്കുഗുഡ മൈതാനത്ത് നടക്കുന്ന വിജയഭേരി റാലിയിൽ തെലങ്കാനയ്ക്കായുള്ള ആറ്‌് വാഗ്ദാനങ്ങൾ ‘അഭയഹസ്തം’ സോണിയ പ്രഖ്യാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..