നരേന്ദ്രമോദി | Photo: ANI
ന്യൂഡൽഹി: പരമ്പരാഗത കരകൗശലവിദഗ്ധർക്കും ശില്പികൾക്കും സാമ്പത്തികസഹായം ഉറപ്പാക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് രൂപംകൊടുത്ത പി.എം. വിശ്വകർമ പദ്ധതിക്ക് തുടക്കം. വിശ്വകർമദിനത്തിൽ ഡൽഹിയിലെ ദ്വാരകയിൽനടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദ്വാരകയിൽ പുതുതായി നിർമിച്ച ‘യശോഭൂമി’ -ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്‌പോ സെന്ററിൽ തയ്യാറാക്കിയ പ്രദർശനശാലകളിൽ കരകൗശല കലാകാരന്മാരോടൊപ്പം മോദി സമയം ചെലവഴിച്ചു.
പരമ്പരാഗതതൊഴിലുകൾ ചെയ്യുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പി.എം. വിശ്വകർമ പദ്ധതി പ്രതീക്ഷാകിരണമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. വിശ്വകർമ സഹോദരങ്ങൾക്ക് പിന്തുണയും ശക്തിയും നൽകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അവരുണ്ടാക്കിയ സമ്മാനങ്ങളാണ് ജി-20 ഉച്ചകോടിക്കെത്തിയ പ്രതിനിധികൾക്ക് സമ്മാനിച്ചത്. തെരുവുകച്ചവടക്കാർക്കും നാടോടികൾക്കും താഴെത്തട്ടിലുള്ളവർക്കും വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രധാനന്ത്രി പറഞ്ഞു.
കരകൗശലത്തൊഴിലാളികൾക്ക് രജിസ്റ്റർചെയ്യാം
ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പി.എം. വിശ്വകർമ പോർട്ടൽ ഉപയോഗിച്ച് പൊതുസേവനകേന്ദ്രങ്ങൾവഴി കരകൗശലത്തൊഴിലാളികൾക്ക് സൗജന്യമായി രജിസ്റ്റർചെയ്യാം. ഇളവോടെ അഞ്ചുശതമാനം പലിശനിരക്കിൽ മൂന്നുലക്ഷം രൂപവരെ ഈടില്ലാതെ വായ്പനൽകും. പി.എം. വിശ്വകർമ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവവഴിയുള്ള അംഗീകാരം, അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉൾപ്പെടുന്ന നൈപുണ്യ നവീകരണം, പതിനയ്യായിരം രൂപയുടെ ടൂൾകിറ്റ് ആനുകൂല്യം എന്നിവ ലഭ്യമാക്കും.
മീൻവല നെയ്ത്തുകാർ, തയ്യൽക്കാർ, അലക്കുതൊഴിലാളികൾ, മാലകോർക്കുന്നവർ, ബാർബർ, കളിപ്പാട്ടം നിർമാതാക്കൾ, കൊട്ട-വട്ടി നെയ്ത്തുകാർ, കയർപിരിക്കുന്നവർ, ശില്പികൾ, കല്ലുകൊത്തുന്നവർ, സ്വർണപ്പണിക്കാർ, വള്ളം പണിക്കാർ, മരപ്പണിക്കാർ തുടങ്ങി 18 പരമ്പരാഗത കൈത്തൊഴിൽ മേഖലകൾ പദ്ധതിയുടെ കീഴിൽവരും.
ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പി.എം. വിശ്വകർമ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്ക് 13,000 കോടി രൂപയുടെ പൂർണധനസഹായം കേന്ദ്രസർക്കാർ നൽകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..