പ്രതീകാത്മക ചിത്രം
ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 പേടകം യാത്രയ്ക്കിടെ ശാസ്ത്രീയവിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ അകലത്തിലുള്ള സൂക്ഷ്മകണങ്ങളെക്കുറിച്ചും വൈദ്യുതചാർജുള്ള കണികകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ശേഖരിച്ചുതുടങ്ങിയതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു.
ഭൂമിക്കു ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ഈ വിവരം ശാസ്ത്രജ്ഞരെ സഹായിക്കും. പേടകത്തിലെ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പിരിമെന്റ് (എ.എസ്.പി.ഇ.എക്‌സ്.) പേലോഡിന്റെ ഭാഗമായ സുപ്രാ തെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൾ സ്‌പെക്ട്രോമീറ്റർ (സ്റ്റെപ്‌സ്) ഉപകരണമാണ് ശാസ്ത്രീയ വിവരങ്ങൾ ശേഖരിച്ചത്. ആറു സെൻസറുകളടങ്ങിയ ഉപകരണമാണിത്. ഓരോ സെൻസറും വിവിധദിശകളിലേക്ക് തിരിഞ്ഞാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
സെപ്റ്റംബർ 10-ന് ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം ദൂരമുള്ളപ്പോഴാണ് സ്റ്റെപ്‌സ് ഉപകരണം പ്രവർത്തിപ്പിച്ചത്. ഈ ഉപകരണം എൽ -1 പോയന്റിന് ചുറ്റുനിന്നും ശേഖരിക്കുന്ന വിവരങ്ങൾ സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം, ത്വരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. അഹമ്മദാബാദ് സ്പെയ്‌സ് ആപ്ലിക്കേഷൻ സെന്ററിന്റെ (എസ്.എ.സി.) സഹായത്തോടെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് (പി.ആർ.എൽ.) സ്റ്റെപ്‌സ് ഉപകരണം നിർമിച്ചത്.
സെപ്റ്റംബർ രണ്ടിനാണ് പി.എസ്.എൽ.വി. സി-57 റോക്കറ്റിൽ പേടകം ഭൂമിയിൽനിന്ന് കുതിച്ചുയർന്നത്. ഇതുവരെ നാലുതവണ ഭ്രമണപഥമുയർത്തി. ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് പേടകത്തെ യാത്രയാക്കാനുള്ള ‘ട്രാൻസ് ലഗ്രാഞ്ചിയൻ പോയന്റ് 1 ഇൻസെർഷൻ’ പ്രക്രിയ ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് 110 ദിവസം കൊണ്ട് ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരെയുള്ള എൽ 1 പോയന്റിലെത്തുമെന്നാണ് പ്രതീക്ഷ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..