ചെന്നൈ: ജാതിവിവേചനം കൂടുതൽ തമിഴ്‌നാട്ടിലാണെന്ന ഗവർണർ ആർ.എൻ. രവിയുടെ പ്രസ്താവനയുടെ പേരിൽ പോര്. ഇൗ പ്രസ്താവനയ്‌ക്കെതിരേ ഡി.എം.കെ.യും കോൺഗ്രസും രംഗത്തുവന്നപ്പോൾ ഗവർണറെ പിന്തുണച്ച് ബി.ജെ.പി. രംഗത്തെത്തി. ഗവർണർ പൂർണപരാജയമാണെന്ന് ഡി.എം.കെ. വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു.
പിന്നാക്കവിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാരന്റെ ദേഹത്ത് മുന്നാക്ക വിഭാഗത്തിൽപ്പെട്ടയാൾ മൂത്രമൊഴിച്ചിട്ടും ആരും ചോദ്യം ചെയ്യാത്തതാണ് അദ്ദേഹത്തിന്റെ നാടായ ഉത്തരേന്ത്യയിലെ സാമൂഹികനീതിയെന്നും ഇളങ്കോവൻ പരിഹസിച്ചു.
മറ്റുസംസ്ഥാനങ്ങളിൽ കാണാത്തവിധം ജാതിവിവേചനം തമിഴ്‌നാട്ടിലുണ്ടെന്ന് കുംഭകോണത്ത് നടന്ന പരിപാടിയിൽ പ്രസംഗിച്ച ഗവർണർ, സാമൂഹിക നീതിയുടെ പേര് പറഞ്ഞു ഡി.എം.കെ. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ചു. ജാതി വെളിപ്പെടുത്തുന്ന ബാൻഡുകൾ കൈയിൽ ധരിക്കുന്ന യുവാക്കളെ വേറെ ഒരു സംസ്ഥാനത്തും കണ്ടിട്ടില്ല. എന്നാൽ, തമിഴ്‌നാട്ടിൽ ഇത് ശീലമാണ്. പിന്നാക്കവിഭാഗക്കാരുടെ കുടിവെള്ളടാങ്കിൽ വിസർജ്യം കലർത്തുന്നതും ഇവിടെ മാത്രമാണ് നടക്കുന്നത്.
വിദേശശക്തികളുടെയും ജിഹാദികളുടെയും സഹായത്തോടെ ഹിന്ദുധർമത്തെ നശിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഗവർണർ ആരോപിച്ചു. നിയമസഭ പാസാക്കുന്ന ബിൽ അംഗീകരിക്കുന്നതടക്കമുള്ള സ്വന്തം ഉത്തരവാദിത്വങ്ങൾ നിർവഹിക്കാത്ത ഗവർണർ ആർ.എസ്.എസിനായി പ്രവർത്തിക്കുകയാണെന്ന് ഡി.എം.കെ. മറുപടി നൽകിയത് .
അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പ്രതികരിച്ചു. നാഗാലാൻഡ് ഗവർണറായിരുന്നപ്പോഴും ഇതു തന്നെയാണ് ചെയ്തിരുന്നതെന്നും ആരോപിച്ചു. ഗവർണറുടെ പ്രസ്താവന നൂറ്ശതമാനവും സത്യമാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണൻ പറഞ്ഞു. സംസ്ഥാനത്ത് എല്ലായിടത്തും ജാതിവിവേചനം കാണാം. എന്നാൽ, ഇത് അംഗീകരിക്കാൻ ഡി.എം.കെ. തയ്യാറല്ലെന്നും അതിനാലാണ് ഗവർണറെ എതിർക്കുന്നതെന്നും നാരായണൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..