ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദൊഡ്ഡബെല്ലാപുരയിൽ ഒരു കുടുംബത്തിലെ നാലുപേരെ കോഴിഫാമിലെ ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ അലിപുർദ്വാർ സ്വദേശികളായ കാലേ സരേര (50), ഭാര്യ ലക്ഷ്മി സരേര (48), മകൻ കുശാൽ സരേര (16), കാലേ സരേരയുടെ സഹോദരി ഫൂൽ കുമാരി (40) എന്നിവരാണ് മരിച്ചത്. കൊതുകിനെ തുരത്താൻ കരികത്തിച്ചതിലൂടെ ഷെഡ്ഡിൽ നിറഞ്ഞ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
കൊതുകുശല്യം രൂക്ഷമായതിനാൽ രാത്രിയിൽ തകരഷീറ്റുകൊണ്ട് നിർമിച്ച പ്രത്യേക അടുപ്പിൽ കരി പുകയ്ക്കുന്നത് ഇവരുടെ പതിവായിരുന്നു. കഴിഞ്ഞദിവസം മഴ പെയ്തിരുന്നതിനാൽ ഷെഡ്ഡിന്റെ ജനലുംവാതിലും പൂർണമായി അടയ്ക്കുകയും ചെയ്തു. ഇതോടെ വായുസഞ്ചാരമില്ലാതാകുകയും അടുപ്പിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ഷെഡ്ഡിൽ നിറയുകയും ചെയ്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂവെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ചരാവിലെ സമീപപ്രദേശത്തു താമസിക്കുകയായിരുന്ന കാലേയുടെ മൂത്ത മകളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസിനെയും പ്രദേശവാസികളെയും വിവരമറിയിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഇവർ കോഴിഫാമിൽ ജോലിക്കെത്തിയത്. കോഴിഫാമിനോട് ചേർന്ന് തൊഴിലാളികൾക്കായി നിർമിച്ച ഷെഡ്ഡിലായിരുന്നു താമസം. ദൊഡ്ഡബെലവംഗല പോലീസാണ് കേസ് അന്വേഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..