ടി.വി. ചാനലുകളുടെ സ്വയം നിയന്ത്രണസംവിധാനം ശക്തമാക്കും -സുപ്രീംകോടതി


1 min read
Read later
Print
Share

* മാർഗരേഖയുണ്ടാക്കാൻ എൻ.ബി.ഡി.എ.ക്ക്‌ നാലാഴ്ച സമയം

ന്യൂഡൽഹി: ടി.വി. ചാനലുകളുടെ സ്വയംനിയന്ത്രണസംവിധാനം ശക്തിപ്പെടുത്തുമെന്ന് ആവർത്തിച്ച സുപ്രീംകോടതി ഇതിനായി പുതിയ മാർഗരേഖയുണ്ടാക്കാൻ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന്‌ (എൻ.ബി.ഡി.എ.) നാലാഴ്ച സമയവും നൽകി.

പുതിയ മാർഗരേഖയുണ്ടാക്കുന്നത് സംബന്ധിച്ച് തങ്ങളുടെ ഇപ്പോഴത്തെയും മുമ്പത്തെയും അധ്യക്ഷൻമാരുമായി ചർച്ച നടത്തിവരുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ എൻ.ബി.ഡി.എ. അറിയിച്ചു.

ചാനലുകളുടെ നിയന്ത്രണത്തിന് ത്രിതലസംവിധാനം നേരത്തേത്തന്നെ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. അതിൽ ആദ്യത്തേതാണ് സ്വയംനിയന്ത്രണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻ.ബി.എഫ്.ഐ.) ആണ് 2022-ലെ ചട്ടപ്രകാരം കേന്ദ്രസർക്കാരിൽ രജിസ്റ്റർചെയ്ത ഏക നിയന്ത്രണസംവിധാനമെന്ന് അവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജേഠ്മലാനി വാദിച്ചു. തങ്ങൾ തയ്യാറാക്കുന്ന സ്വയംനിയന്ത്രണസംവിധാനം സമർപ്പിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ നിർദേശങ്ങളും സ്വാഗതംചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ, എൻ.ബി.ഡി.എ.യും എൻ.ബി.എഫ്.ഐ.യും തമ്മിലുള്ള ആശയ വൈരുധ്യങ്ങൾ പരിശോധിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് കേസ് നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി.

മാധ്യമങ്ങൾക്കുമേൽ സെൻസർഷിപ്പ് ഏർപ്പെടുത്താൻ താത്പര്യമില്ലെങ്കിലും നിയന്ത്രണസംവിധാനം കാര്യക്ഷമമാക്കണമെന്ന് സുപ്രീംകോടതി നേരത്തേയും വ്യക്തമാക്കിയിരുന്നു. നാഷണൽ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്‌ അതോറിറ്റിയുടെ മാർഗരേഖ ലംഘിക്കുന്ന ചാനലുകൾക്ക് ഒരുലക്ഷം രൂപ വരെയാണ് പിഴചുമത്തുന്നതെന്നും ഇത് അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ചാനലുകളുടെ ലാഭവുമായി ബന്ധപ്പെടുത്തി പിഴത്തുക വർധിപ്പിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതി ആലോചിക്കുന്നുണ്ട്.

ടി.വി. ചാനലുകളുടെ സ്വയംനിയന്ത്രണ മാർഗരേഖയ്ക്ക് ശക്തിപോരെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരേ അതോറിറ്റി നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..