ന്യൂഡൽഹി: ശിവസേനയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ മഹാരാഷ്ട്ര സ്പീക്കറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
എം.എൽ.എ.മാരുടെ അയോഗ്യത സംബന്ധിച്ച പരാതിയിൽ തീരുമാനമെടുക്കാത്തതിനാണ് ബി.ജെ.പി. നേതാവായ സ്പീക്കർ രാഹുൽ നർവേക്കാറിനെ സുപ്രീംകോടതി വിമർശിച്ചത്. ‘സുപ്രീംകോടതിയുടെ അന്തസ്സ് മാനിക്കാൻ സ്പീക്കർ ബാധ്യസ്ഥനാണ്. നിർദേശങ്ങളും ഉത്തരവുകളും നടപ്പാക്കുകയും വേണം. അയോഗ്യതാ പരാതിയിൽ തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാനാവില്ല’- ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അയോഗ്യതാ പരാതിയിൽ സ്വീകരിക്കാൻ പോകുന്ന നടപടികളുടെ സമയക്രമം ഒരാഴ്ചയ്ക്കകം അറിയിക്കാനാവശ്യപ്പെട്ട കോടതി, കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി.
മഹാരാഷ്ട്രയിൽ ഭരണമാറ്റത്തിന് വഴിതെളിച്ച ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് പാർട്ടിയിലെ ഉദ്ദവ് താക്കറെ, ഏക്‌നാഥ് ഷിന്ദേ വിഭാഗങ്ങൾ തമ്മിലുള്ള നിയമപോരാട്ടങ്ങളാണ് സുപ്രീംകോടതിയിൽ നടക്കുന്നത്. എം.എൽ.എ.മാരെ അയോഗ്യരാക്കണമെന്നുകാട്ടി എതിർവിഭാഗങ്ങൾ നൽകിയ പരാതിയിൽ സ്പീക്കർ തീരുമാനം വൈകിക്കരുതെന്ന് മേയ് 11-ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, മേയ് 11-നുശേഷവും ഇക്കാര്യത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വിലയിരുത്തി.
ഷിന്ദേ വിഭാഗത്തിലെ എം.എൽ.എ.മാർക്കെതിരായ അയോഗ്യതാ പരാതിയിൽ വേഗം തീരുമാനമെടുക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സുനിൽ പ്രഭു നൽകിയ ഹർജിയാണ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചത്. എൻ.സി.പി. നേതാവ് അജിത് പവാറും എട്ട് എം.എൽ.എ.മാരും ഏക്‌നാഥ് ഷിന്ദേ വിഭാഗത്തിൽ ചേർന്നതിനു പിന്നാലെയാണ് സുനിൽ പ്രഭു സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവിഭാഗങ്ങളിലുമായി 46 എം.എൽ.എ.മാരുടെ അയോഗ്യത സംബന്ധിച്ച് പരസ്പരം നൽകിയ 34 പരാതികളാണ് സ്പീക്കർക്ക് മുൻപിലുള്ളത്.
ജൂലായ് 14-ന് സുപ്രീംകോടതി നോട്ടീസയച്ചെങ്കിലും സ്പീക്കർ അനങ്ങിയിട്ടില്ലെന്ന് സുനിൽ പ്രഭുവിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. കേസ് സെപ്റ്റംബർ 18-ന് സുപ്രീംകോടതി പരിഗണിക്കാൻ പോകുന്നെന്നുകണ്ടപ്പോൾ സ്പീക്കർ 14-ന് വിഷയം പരിഗണിച്ചെങ്കിലും പരാതിക്കാർ അനുബന്ധരേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മാറ്റിവെക്കുകയായിരുന്നു. ഇനിയെന്ന് പരിഗണിക്കുമെന്ന് അറിയിച്ചിട്ടില്ലെന്നും സിബൽ പറഞ്ഞു.
ഭരണഘടനാ പദവിയെ പരിഹസിക്കുകയാണ് ഹർജിക്കാരെന്ന് സ്പീക്കർക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പരാതിയുമായി ബന്ധപ്പെട്ട രേഖകൾ നൽകാതെ ഉദ്ദവ് വിഭാഗമാണ് നടപടികൾ വൈകിപ്പിക്കുന്നതെന്ന് ഷിന്ദേ വിഭാഗത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജേഠ്മലാനിയും ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..