ലോക്‌സഭയിൽ സ്പീക്കറെത്തുംമുമ്പ് ദേശീയഗാനം


1 min read
Read later
Print
Share

സാങ്കേതികപ്രശ്നമെന്ന് ഓം ബിർള

ന്യൂഡൽഹി: ലോക്‌സഭയിൽ ചൊവ്വാഴ്ച ദേശീയഗാനം മുഴങ്ങിയത് രണ്ടുവട്ടം. ആദ്യത്തേത് സ്പീക്കർ സഭയിലെത്തുന്നതിനുമുമ്പ്. രണ്ടാമത്തേത് സ്പീക്കർ എത്തിയശേഷം. പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും സഭയിലുള്ളപ്പോഴാണ് സംഭവം.

സ്പീക്കർ എത്തുന്നതിനുമുമ്പ് ദേശീയഗാനം മുഴങ്ങിയ വിഷയം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ, സാങ്കേതികപ്രശ്നമാണന്നും പരിശോധിക്കാമെന്നും സ്പീക്കർ ഓം ബിർള പറഞ്ഞു. ദേശീയഗാനം മുഴക്കിയാണ് പാർലമെന്റ് സമ്മേളനങ്ങൾ ആരംഭിക്കുക. സമ്മേളനത്തിന്റെ ആദ്യദിവസമാണ് ദേശീയഗാനം ഉയരാറുള്ളത്. റെക്കോഡ്ചെയ്തുവെച്ച ദേശീയഗാനം അധ്യക്ഷൻ സഭയിലെത്തിക്കഴിഞ്ഞ് കൃത്യസമയത്ത് അവതരിപ്പിക്കുകയാണ് പതിവുരീതി. സമ്മേളനത്തിന്റെ അവസാനദിവസം സമാനമായ രീതിയിൽ വന്ദേമാതരവും അവതരിപ്പിക്കും. എന്നാൽ, തിങ്കളാഴ്ച പാർലമെന്റിന്റെ പ്രത്യേകസമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇതുസംബന്ധിച്ച് ആശയക്കുഴപ്പമുയർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ ഭരണപക്ഷത്തും കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ പ്രതിപക്ഷനിരയിലും സമ്മേളനം തുടങ്ങുന്നതിനുമുമ്പുതന്നെ ലോക്‌സഭയിലെത്തിയിരുന്നു. എന്നാൽ, സ്പീക്കർ ഇരിപ്പിടത്തിലെത്തിയിരുന്നില്ല. എങ്കിലും ദേശീയഗാനം ഓഡിയോ സംവിധാനത്തിലൂടെ മുഴങ്ങി. അംഗങ്ങളെല്ലാവരും എഴുന്നേറ്റുനിന്നു. തൊട്ടുപിന്നാലെ, സ്പീക്കർ സഭയിലെത്തിയതോടെ ദേശീയഗാനം ആവർത്തിക്കപ്പെട്ടു. അംഗങ്ങൾ വീണ്ടും എഴുന്നേറ്റുനിന്ന് ആദരവേകി.

തുടർന്ന് സഭാനടപടികളിലേക്ക് കടക്കുമ്പോൾ, പ്രതിപക്ഷാംഗങ്ങൾ വിഷയം ഉന്നയിച്ചു. സ്പീക്കർ സഭയിലെത്തുന്നതിനുമുമ്പ് ദേശീയഗാനം മുഴങ്ങിയെന്നും സഭാനടപടികളുടെ നിയന്ത്രണം ആരുടെ കൈയിലാണെന്നും കോൺഗ്രസ് അംഗം ഗൗരവ് ഗോഗോയിയും ബി.എസ്.പി. അംഗം ഡാനിഷ് അലിയും ചോദിച്ചു. എന്നാൽ, സാങ്കേതികപ്രശ്നംകൊണ്ട് സംഭവിച്ചതാണെന്നും വിഷയം പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കറെ അപമാനിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസിന്റെ സഭാനേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..