ഇംഫാൽ: കലാപബാധിതമായ മണിപ്പുരിൽനിന്ന് കേന്ദ്രസേനയായ അസം റൈഫിൾസിനെ പിൻവലിക്കണമെന്ന മുറവിളി ഉയരുന്നതിനിടെ ദ്രുതകർമസേനയെ (ആർ.എ.എഫ്.) ഘട്ടം ഘട്ടമായി പിൻവലിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നു. അക്രമസംഭവങ്ങൾ ഏറക്കുറെ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണിത്.
ആൾക്കൂട്ടനിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേകപരിശീലനം ലഭിച്ച പോലീസ് സേനയാണ് ആർ.എ.എഫ്. ഈ വിഭാഗത്തിന് തുടർച്ചയായി കലാപം അടിച്ചമർത്താനുള്ള ചുമതലകൾ നൽകുന്നത് ഉചിതമല്ലാത്തതിനാലാണ് ഘട്ടംഘട്ടമായി പിൻവലിക്കുന്നത്.
നിലവിൽ ദ്രുതകർമസേനയുടെ 10 കമ്പനികളെയാണ് മണിപ്പുരിൽ വിന്യസിച്ചിട്ടുള്ളത്. എട്ടുകമ്പനികൾ താഴ്‌വര ജില്ലകളിലും രണ്ടെണ്ണം മലനിരകളിലും. കലാപം പൊട്ടിപ്പുറപ്പെട്ടശേഷം നാല്പതിനായിരത്തോളം പേരടങ്ങുന്ന കേന്ദ്രസേനാവിഭാഗങ്ങളാണ് മണിപ്പുരിൽ സുരക്ഷാചുമതലയിലുള്ളത്.
കരസേനയും അസം റൈഫിൾസും കുക്കി-സോ ഗോത്രവിഭാഗക്കാരോട് പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് മെയ്ത്തിവിഭാഗക്കാർ പ്രക്ഷോഭം തുടരുകയാണ്. മെയ്ത്തി എം.എൽ.എ.മാരും ഈ ആവശ്യവുമായി കേന്ദ്രസർക്കാരിന് കത്തെഴുതിയിട്ടുണ്ട്.
അതിനിടെ, വ്യാജപോലീസ് യൂണിഫോം ധരിച്ച് അത്യാധുനിക ആയുധങ്ങളുമായി തെരുവിൽ റോന്തുചുറ്റുകയായിരുന്ന അഞ്ചുപേരെ മണിപ്പുർ പോലീസ് അറസ്റ്റുചെയ്തു. ആൾക്കാരെ ഭീഷണിപ്പെടുത്തി കൊള്ള പതിവാക്കിയവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സേനയുടെ ആയുധപ്പുരയിൽനിന്ന് തട്ടിയെടുത്ത ആയുധങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..