ഭോപാലിലെ ആദ്യറാലി മാറ്റിയത് ‘ഇന്ത്യ’സഖ്യത്തിലെ വിള്ളലുകളെത്തുടർന്ന്


1 min read
Read later
Print
Share

ന്യൂഡൽഹി: പ്രതിപക്ഷത്തെ ‘ഇന്ത്യ’സഖ്യത്തിന്റെ ആദ്യ പൊതുസമ്മേളനം അടുത്തമാസം മധ്യപ്രദേശിലെ ഭോപാലിൽ നടത്താനുള്ള തീരുമാനം മാറ്റിയതിനുപിന്നിൽ സഖ്യത്തിലെ വിള്ളൽ.

വർഷാവസാനം നടക്കുന്ന മധ്യപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും സമാജ്‍വാദി പാർട്ടിയും ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുതുടങ്ങിയത് മുഖ്യപ്രതിപക്ഷകക്ഷിയായ കോൺഗ്രസിനെ പ്രകോപിപ്പിച്ചിരുന്നു. ദേശീയതലത്തിൽ സഖ്യത്തിനു രൂപംനൽകിയത്‌ കണക്കിലെടുക്കാതെ പാർട്ടികൾ സ്വന്തം നിലയ്ക്കു തീരുമാനമെടുക്കുന്നത് അന്യായമാണെന്ന് പി.സി.സി. അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ കമൽനാഥ് പറയുന്നു. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കെ ഭോപാലിൽ റാലി നടത്തുന്നത് കാപട്യവും ജനങ്ങളുടെമുന്നിൽ പരിഹാസ്യവുമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമൽനാഥ് ഹൈക്കമാൻഡിനെ കടുത്ത അതൃപ്തി അറിയിച്ചതോടെയാണ് സമ്മേളനം മാറ്റാൻ തീരുമാനമായത്. സഖ്യകക്ഷികളിൽ ചിലത് മുഖംതിരിച്ചു നിൽക്കുമ്പോൾ, ദുർബലമായ സാമ്പത്തികസ്ഥിതിയിലുള്ള കോൺഗ്രസിന്റെ ചെലവിൽ ഇത്തരമൊരു സമ്മേളനം നടത്തുന്നത് ദുർവ്യയമാകുമെന്നും അദ്ദേഹം ഹൈക്കാമാൻഡിനെ അറിയിച്ചു.

ഈ മാസം 13-ന് എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ വീട്ടിൽനടന്ന ഏകോപനസമിതിയോഗത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ ആദ്യറാലി ഭോപാലിൽ നടത്താൻ ധാരണയായത്. എന്നാലിത് റദ്ദാക്കിയതായി കമൽനാഥ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയില്ലെങ്കിലും റാലി എന്നു നടത്തണമെന്ന കാര്യം ‘ഇന്ത്യ’സഖ്യം നേതൃത്വം ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ’ സഖ്യത്തിലെ പാർട്ടികൾ സനാതനധർമത്തെ അവഹേളിച്ചതിനെത്തുടർന്നുള്ള ജനരോഷമാണ് ഭോപാലിലെ റാലി റദ്ദാക്കാൻ അവരെ നിർബന്ധിതരാക്കിയതെന്ന് മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാൻ കുറ്റപ്പെടുത്തിയിരുന്നു.

പശ്ചിമബംഗാളിലും സഖ്യകക്ഷികൾ ശീതസമരത്തിലാണ്. ഒരുഭാഗത്ത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും മറുഭാഗത്ത് സി.പി.എമ്മും കോൺഗ്രസും തമ്മിൽ വാക്പോര് തുടരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച സി.പി.എം. പൊളിറ്റ് ബ്യൂറോ തൃണമൂലുമായി സഹകരണം വേണ്ടെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ബി.ജെ.പി.യുമായും അകലം പാലിക്കും. ‘ഇന്ത്യ’സഖ്യത്തിന്റെ ഉന്നതതല ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്നും പി.ബി. തീരുമാനിച്ചു.

തൃണമൂലാകട്ടെ, ലോക് സഭാതിരഞ്ഞെടുപ്പിൽ ബംഗാളിൽ രണ്ട് സീറ്റ് കോൺഗ്രസിന് നീക്കിവെക്കാമെന്നാണ് പറയുന്നത്. ഇതിലൊന്ന് കോൺഗ്രസ് സി.പി.എമ്മിന് കൈമാറുകയാണെങ്കിൽ അതിൽ തങ്ങൾക്കെതിർപ്പില്ലെന്നും തൃണമൂൽ വ്യക്തമാക്കി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..