കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമബംഗാൾ ബി.ജെ.പി. ഘടകം. സ്പെയിനിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം വാണിജ്യ ഉച്ചകോടിയിൽ പങ്കെടുത്തതും മൂവായിരം കോടിയുടെ നിക്ഷേപം വാഗ്ദാനംചെയ്തതുമാണ് ബി.ജെ.പി.യെ പ്രകോപിപ്പിച്ചത്.
കൊൽക്കത്തയിൽ നടത്താവുന്ന പ്രഖ്യാപനത്തിന് എന്തിനാണ് സൗരവ്, മഡ്രിഡുവരെ പോയതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ ചോദിച്ചു. സ്പെയിനിലെ ഏതെങ്കിലും വ്യവസായി നിക്ഷേപം പ്രഖ്യാപിക്കുന്നില്ല. പകരം, സൗരവാണ് പ്രഖ്യാപനംനടത്തുന്നത് . ബംഗാൾജനതയെ പറ്റിക്കാൻ മമത സൗരവിനെ കൂട്ടുപിടിച്ചിരിക്കയാണ് -മജുംദാർ കുറ്റപ്പെടുത്തി.
തന്റേത് വ്യവസായകുടുംബമാണെന്നും മൂന്നാമത്തെ സംരംഭമാണ് പ്രഖ്യാപിക്കുന്നതെന്നുമുള്ള സൗരവിന്റെ വാക്കുകളെയും അദ്ദേഹം വിമർശിച്ചു. ‘‘സൗരവ് ഞങ്ങളുടെ അറിവിൽ ക്രിക്കറ്റുകളിക്കാരനാണ്. വ്യവസായിയാണെന്നത് കേട്ടിട്ടില്ല. എവിടെയാണ് അദ്ദേഹം വ്യവസായം നടത്തുന്നത്’’ -മജുംദാർ ചോദിച്ചു.
വികസനത്തിന്റെ പേരുംപറഞ്ഞ് സ്ഥലം കൈവശപ്പെടുത്തിയശേഷം ഒന്നും ചെയ്യാതിരിക്കുക എന്നത് സൗരവിന്റെ ശീലമാണെന്ന് പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരിയും വിമർശിച്ചു. ‘‘ഇടതുസർക്കാരിന്റെ കാലംമുതൽ സൗരവ് ഇത് ചെയ്തുവരുന്നു. കൊൽക്കത്ത ബെഹാലയിൽ താമസിക്കുന്നയാൾ മഡ്രിഡിൽച്ചെന്ന് പശ്ചിമ മേദിനിപുരിൽ നിക്ഷേപംനടത്തുമെന്ന് പറയുന്നത് വല്ലാത്ത കിറുക്കുതന്നെ’’ -അധികാരി പരിഹസിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..