മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി.) ഏജന്റുമാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിച്ച് കേന്ദ്രസർക്കാർ. രണ്ടുവർഷത്തിലധികമായി ഏജന്റുമാരുടെ സംഘടനകൾ ഉന്നയിച്ചിരുന്ന ആവശ്യങ്ങളാണ് കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏജന്റുമാരുടെ ഗ്രാറ്റ്വിറ്റിപരിധി നിലവിലെ മൂന്നുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി ഉയരും. ഏജന്റുമാരുടെ കാലാവധി ഇൻഷുറൻസ് പരിധി വർധിപ്പിച്ചതാണ് മറ്റൊരുതീരുമാനം. ഇതോടൊപ്പം ജീവനക്കാരുടെ കുടുംബപെൻഷൻ ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്. 2017-ലെ എൽ.ഐ.സി. (ഏജന്റ്സ്) ചട്ടങ്ങളിൽ ഭേദഗതിവരുത്തിയാണ് കേന്ദ്ര ധനമന്ത്രാലയം ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
ഏജന്റുമാരുടെ ഗ്രാറ്റ്വിറ്റിപരിധി അഞ്ചുലക്ഷമായി ഉയർത്താനുള്ള തീരുമാനം അവരുടെ പ്രവർത്തനസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. കൂടാതെ, വിട്ടുപോയശേഷം ഏജന്റുമാരായി തിരിച്ചുവരുന്നവർക്ക് പഴയ പോളിസികൾ പുതുക്കുമ്പോൾ കമ്മിഷന് അർഹത നൽകി. നിലവിൽ എൽ.ഐ.സി. ഏജന്റുമാർക്ക് പഴയ ഏജൻസിയുടെ ബിസിനസ് പുതുക്കുമ്പോൾ കമ്മിഷന് അർഹതയുണ്ടായിരുന്നില്ല. ഏജന്റുമാരുടെ സാമ്പത്തികസുസ്ഥിരത കൂടുതൽ ഉറപ്പാക്കാനുതകുന്നതാണ് നടപടി. ഏജന്റുമാരുടെ കാലാവധി ഇൻഷുറൻസ് പരിധി 25,000 മുതൽ 1.5 ലക്ഷം രൂപ വരെ ഉയർത്തിയതാണ് മറ്റൊരു പ്രധാന തീരുമാനം. നേരത്തേയിത് 3000 മുതൽ 10,000 രൂപ വരെയായിരുന്നു. ഏജന്റുമാരായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് ഇത് ഏറെ ഉപകാരപ്പെടും.
എൽ.ഐ.സി. ജീവനക്കാരുടെ കുടുംബപെൻഷൻ 30 ശതമാനമാക്കി ഏകീകരിക്കുന്നതാണ് മറ്റൊരു തീരുമാനം. ബാങ്കുകളിൽ കുടുംബപെൻഷൻ ഏകീകരണം നേരത്തേ നടപ്പാക്കിയിരുന്നു. എന്നാൽ, പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ ഇതിന് അനുമതി നൽകിയിരുന്നില്ല. പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിലെയും ജീവനക്കാരെ രണ്ടുതട്ടിൽ നിർത്തുന്നതാണിതെന്ന് ആക്ഷേപമുയർന്നിരുന്നു. നേരത്തേ ജീവനക്കാർക്ക് അവരുടെ തസ്തികയനുസരിച്ച് പത്തുശതമാനം, 20 ശതമാനം, 30 ശതമാനം എന്നിങ്ങനെ മൂന്നുസ്ലാബുകളായിട്ടായിരുന്നു കുടുംബപെൻഷൻ നൽകിയിരുന്നത്. മുതിർന്ന ഓഫീസർമാരുടെ കുടുംബത്തിനായിരുന്നു 10 ശതമാനം കുടുംബപെൻഷൻ. ഇപ്പോൾ തസ്തിക നോക്കാതെ എല്ലാ കുടുംബങ്ങളുടെയും പെൻഷൻ ഏകീകരിച്ചു. 13 ലക്ഷത്തിലധികം വരുന്ന ഏജന്റുമാർക്കും ഒരുലക്ഷത്തോളം സ്ഥിരം ജീവനക്കാർക്കും തീരുമാനം പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..