അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. നർമദ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പാലം അടച്ചിട്ടതിനാൽ ഗുജറാത്തിൽനിന്ന് മുംബൈയിലേക്കുള്ള തീവണ്ടി ഗതാഗതം 12 മണിക്കൂറോളം തടസ്സപ്പെട്ടു. സർദാർ സരോവർ അണക്കെട്ട് തുറന്നുവിട്ടതോടെയാണ് വെള്ളം ഉയർന്നത്.
നർമദയിലെ ജലനിരപ്പ് 40 അടി ആയതോടെ ഭറൂച്ചിനും അങ്കലേശ്വറിനും ഇടയിലെ സിൽവർ റയിൽവേ ബ്രിഡ്ജിൽ ഗതാഗതം നിരോധിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മുതലുള്ള ഇരുപതോളം തീവണ്ടികൾ റദ്ദാക്കി. വന്ദേ ഭാരത്, തേജസ്, ശതാബ്ദി തീവണ്ടികൾ ഇവയിൽപ്പെടും. പകൽ 11 മണിക്കു ശേഷം ഭാഗികമായി പുനഃസ്ഥാപിച്ചു.
നർമദയിൽ 24 അടിയാണ് സുരക്ഷിത ജലനിരപ്പ്. ഇതിലും ഏറിയതോടെ വഡോദര, ഭറൂച്ച്, നർമദ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. അങ്കലേശ്വറിൽ ഹൻസോട്, ദിവാ റോഡ് എന്നിവിടങ്ങളിൽ പാർപ്പിട കേന്ദ്രങ്ങളുടെ ഒന്നാംനില മൂടി ജലമെത്തി.
തെക്കുപടിഞ്ഞാറൻ രാജസ്ഥാനിനും പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിൽ രൂപംകൊണ്ട ന്യൂനമർദമാണ് കനത്ത മഴയ്ക്ക് കാരണം. വൃഷ്ടിപ്രദേശങ്ങളിലെ മഴകാരണം സർദാർ സരോവർ അണക്കെട്ട് പരമാവധി ശേഷിയായ 138 മീറ്ററിലെത്തി. ഓർസാങ്, ഹേറാൻ, മഹി, പനം തുടങ്ങിയ നദികളും കരകവിഞ്ഞതോടെ മധ്യ ഗുജറാത്ത് പ്രളയഭീതിയിലായി. സെപ്റ്റംബർ 20 വരെ മഴ തുടരുമെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..