കൊൽക്കത്ത: യുനെസ്കോയുടെ ലോക പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ പശ്ചിമബംഗാളിലെ ശാന്തിനികേതനും ഇടംപിടിച്ചതോടെ വിശ്വഭാരതി സർവകലാശാലയിൽ ആഘോഷാന്തരീക്ഷമായി. പരമ്പരാഗത വേഷങ്ങൾ ധരിച്ചും രബീന്ദ്ര സംഗീതം പാടിയും വിദ്യാർഥികളും ഗവേഷകരും അധ്യാപകരുമെല്ലാം സന്തോഷം പങ്കുവെച്ചു. സർവകലാശാലാ മന്ദിരവും വളപ്പുമെല്ലാം വർണവിളക്കുകൾ കൊണ്ട് അലങ്കരിച്ചു.
1901-ൽ മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ യുനെസ്കോയുടെ ഇന്ത്യയിലെ 41-ാമത് ലോക പൈതൃക സ്ഥലമാണ്. ചരിത്ര നിർമിതികളും ഉദ്യാനങ്ങളും കലാരൂപങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ-സാംസ്കാരിക ധാരകളുമെല്ലാം ചേർന്ന് ശാന്തിനികേതൻ എടുത്തുപറയേണ്ട പ്രാപഞ്ചിക മൂല്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് യുനെസ്കോ പ്രഖ്യാപന അറിയിപ്പിൽ പറഞ്ഞു.
ശാന്തിനികേതൻ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടതിൽ അഭിമാനവും ആഹ്ളാദവുമുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ബംഗാളിനെയും രവീന്ദ്രനാഥ ടാഗോറിനെയും സ്നേഹിക്കുന്ന എല്ലാവർക്കും ഇത് സന്തോഷ വർത്തമാനമാണെന്ന് സാമൂഹികമാധ്യമമായ ‘എക്സി’ൽ നൽകിയ കുറിപ്പിൽ അവർ പറഞ്ഞു. തന്റെ സർക്കാർ ശാന്തിനികേതന്റെ അടിസ്ഥാന വികസനത്തിന് തുടർച്ചയായി ഗണ്യമായ സംഭാവനകൾ ചെയ്തു വന്നിട്ടുണ്ടെന്നും അതിന്റെ ഗുണഫലം ലഭിച്ചെന്നും മമത അവകാശപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..