ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പി.യുമായി സഖ്യമില്ലെന്ന് എ.ഐ.എ.ഡി.എം.കെ. പ്രഖ്യാപിച്ചു. ലോക്‌സഭാതിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കണോയെന്നത് അപ്പോൾ തീരുമാനിക്കുമെന്നും പാർട്ടി നേതാവ് ഡി. ജയകുമാർ തിങ്കളാഴ്ച അറിയിച്ചു. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. അണ്ണാമലൈയും എ.ഐ.എ.ഡി.എം.കെ. നേതാക്കളും വിവിധ വിഷയങ്ങളിൽ വാക്‌പോര് തുടരുന്നതിനിടെയാണ് അപ്രതീക്ഷിതവും നാടകീയവുമായ പ്രഖ്യാപനം.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെ.യുടെ സഹായം ആവശ്യമായിവരില്ലെന്നും അണ്ണാമലൈ ഞായറാഴ്ച പറഞ്ഞിരുന്നു.
തമിഴ്‌നാട്ടിൽ തനിച്ചുമത്സരിച്ചാൽ ബി.ജെ.പി.ക്ക് ‘നോട്ട’യ്ക്കുകിട്ടുന്ന വോട്ടുപോലും കിട്ടില്ലെന്ന് അതിന് മറുപടിയായി ജയകുമാർ പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരിക്കാൻ അണ്ണാമലൈയ്ക്കു യോഗ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടിയുടെ അഭിപ്രായമാണ് താൻ പറയുന്നതെന്ന് ജയകുമാർ പറഞ്ഞിട്ടുണ്ടെങ്കിലും ഈ വിഷയം എ.ഐ.എ.ഡി.എം.കെ. നേതൃത്വം ഔപചാരികമായി ചർച്ചചെയ്തതായി വിവരമില്ല. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ബി.ജെ.പി. കേന്ദ്രനേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
അണ്ണാമലൈയും എ.ഐ.എ.ഡി.എം.കെ. നേതാക്കളും തമ്മിൽ പല കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ദ്രാവിഡപ്രസ്ഥാനത്തിന്റെ നേതാവും മുൻ മുഖ്യമന്ത്രിയുമായ സി.എൻ. അണ്ണാദുരൈയെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പരാമർശങ്ങളാണ് ഭിന്നത രൂക്ഷമാക്കിയത്. ദൈവവിശ്വാസത്തെക്കുറിച്ച് 1956-ൽ നടത്തിയ പരാമർശങ്ങളെച്ചൊല്ലി പ്രതിഷേധമുയർന്നപ്പോൾ അണ്ണാദുരൈ ഒളിവിൽപ്പോയെന്നും ക്ഷമാപണം നടത്തിയെന്നുമാണ് അണ്ണാമലൈ പ്രസംഗിച്ചത്.
ദ്രാവിഡപ്രസ്ഥാനത്തിന്റെ നേതാക്കളെ അവഹേളിക്കാൻ ആരെയും സമ്മതിക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ. നേതാവ് സി.വി. ഷൺമുഖൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പുനൽകിയിരുന്നു. താൻ പറഞ്ഞത് ചരിത്ര വസ്തുതകളാണെന്നായിരുന്നു അണ്ണാമലൈയുടെ വിശദീകരണം. സഖ്യത്തിന്റെ പേരിൽ ആർക്കും വഴങ്ങാൻ ബി.ജെ.പി. തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പ്രതികരണമായാണ് തിങ്കളാഴ്ച ജയകുമാർ പത്രസമ്മേളനം നടത്തിയത്.
സഖ്യം തുടരുമ്പോൾത്തന്നെ എ.ഐ.എ.ഡി.എം.കെ.യെ ഒതുക്കി ബി.ജെ.പി.യെ ശക്തിപ്പെടുത്താൻ അണ്ണാമലൈ നടത്തിപ്പോന്ന ശ്രമങ്ങളാണ് ഇരുകക്ഷികളും തമ്മിൽ ഭിന്നത വർധിക്കാൻ വഴിവെച്ചത്. ബി.ജെ.പി. വിരുദ്ധനെന്ന് അറിയപ്പെടുന്ന എടപ്പാടി പളനിസാമി പാർട്ടിയുടെ നേതൃത്വം കരസ്ഥമാക്കിയതുമുതൽ സഖ്യം തുടരുമോയെന്ന കാര്യത്തിൽ സംശയം നിലനിന്നിരുന്നു. സഖ്യം തുടരേണ്ടിവന്നാൽ താൻ അധ്യക്ഷസ്ഥാനം വിടുമെന്ന് പാർട്ടിയോഗത്തിൽ അണ്ണാമലൈ പറഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു. അതിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പളനിസാമിയെയും അണ്ണാമലൈയെയും ഡൽഹിക്കുവിളിപ്പിച്ച് സഖ്യം തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..