നെഹ്രു പ്രതിപക്ഷത്തെയും ഒപ്പം കൂട്ടിയെന്ന് ഖാർഗെ


1 min read
Read later
Print
Share

ജി-20 വിഷയത്തിൽ രാജ്യസഭയിൽ വാക്‌പോര്

ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനത്തിൽ രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പോര്. ജി-20 വിഷയത്തിൽ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും സഭാ നേതാവ് പീയൂഷ് ഗോയലുമാണ് കൊമ്പുകോർത്തത്.

പ്രസംഗത്തിനിടെ ഖാർഗെ ജി-20 എന്നതിനുപകരം ജി-ടു എന്നു പറഞ്ഞതാണ് പ്രകോപനമായത്. എല്ലാവരും ജി-ടു വിനെക്കുറിച്ച് സംസാരിക്കുന്ന തിരക്കിലാണെന്നും പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നില്ലെന്നും ഖാർഗെ പറഞ്ഞു. സമയത്തിന് പണപ്പെരുപ്പം തടഞ്ഞില്ലെങ്കിൽ ജനാധിപത്യം നശിക്കുമെന്നും തൊഴിലില്ലായ്മ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സമയം ഇടപെട്ട അധ്യക്ഷൻ ജഗ്‍ദീപ് ധൻകർ ജി-ടു അല്ല ജി-20 ആണെന്ന് തിരുത്തി. പൂജ്യം താമരകൊണ്ട് മറഞ്ഞിരിക്കയാണെന്ന് ഖാർഗെ പറഞ്ഞപ്പോൾ പ്രതിപക്ഷം ചിരിയോടെ കൈയടിച്ചു. പ്രകോപിതനായ പീയൂഷ് ഗോയൽ ഖാർഗെയ്ക്ക് ടു ജി, വൺജി, സൺജി എന്നിവ മാത്രമേ കാണൂ എന്ന് വിമർശിച്ചു. ജി-20 യെ വിമർശിക്കരുതെന്നും ആവശ്യപ്പെട്ടു. ‘രാജ്യത്തിനായി ഞങ്ങളുടെ ആൾക്കാർ ജീവിതം ബലിയർപ്പിച്ചതിന്റെ ഫലം കൊയ്ത് നിങ്ങൾ പഠിപ്പിക്കുകയാണോ’ എന്നായിരുന്നു ഇതിന് ഖാർഗെയുടെ മറുചോദ്യം. എ.എ.പി. അംഗങ്ങളായ സഞ്ജയ് സിങ്ങിന്റെയും രാഘവ് ചദ്ദയുടെയും സസ്പെൻഷൻ റദ്ദാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്റെ അഭിപ്രായം കേൾക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതിയെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിനെ ഉദാഹരിച്ച് ഖാർഗെ വിമർശിച്ചു. ഭരണഘടനയ്ക്ക് അടിത്തറയിട്ട നെഹ്രു പ്രതിപക്ഷത്തെയും ഒപ്പം കൂട്ടിയ നേതാവാണെന്ന് പാർലമെന്ററി ചരിത്രത്തിന്റെ 75 വർഷത്തെക്കുറിച്ചുള്ള ചർച്ചയിൽ അദ്ദേഹം പറഞ്ഞു. ‘‘പ്രതിപക്ഷപ്പാർട്ടി നേതാവ് ശ്യാമപ്രസാദ് മുഖർജിയെ അദ്ദേഹം മന്ത്രിസഭയിലുമെടുത്തു. ഇന്ന് പ്രതിപക്ഷത്തെ ആരും ശ്രദ്ധിക്കുന്നില്ല. പ്രധാനമന്ത്രി ഞങ്ങളെ കേൾക്കാൻ സഭയിലെത്തുന്നില്ല.’’ -ഖാർഗെ പറഞ്ഞു.

അംഗങ്ങളെല്ലാം സ്ത്രീശാക്തീകരണത്തിനായി സംസാരിക്കണമെന്നും ഇന്ത്യയെ അഴിമതിരഹിതവും വികസിതവുമായ രാഷ്ട്രമാക്കണമെന്നും ചർച്ചയ്ക്ക് തുടക്കമിട്ട സഭാ നേതാവ് പീയൂഷ് ഗോയൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് വീൽച്ചെയറിലാണ് രാജ്യസഭയിലെത്തിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..