ഭോപാൽ: തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശിൽ പാകിസ്‍താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പാകിസ്താൻ തെഹ്‍രീകെ ഇൻസാഫിന്റെ (പി.ടി.െഎ.) പാട്ട് പ്രചാരണത്തിനായി മോഷ്ടിച്ചെന്ന് ആരോപണം. ബി.ജെ.പി.യും കോൺഗ്രസും പരസ്പരം കുറ്റപ്പെടുത്തലുമായി രംഗത്തെത്തി.
കോൺഗ്രസിന്റെ ‘ജൻ ആക്രോശ് യാത്ര’യിൽ ഇമ്രാന്റെ പാർട്ടിയുടെ പ്രചാരണഗാനം മോഷ്ടിച്ചുവെന്ന് ബി.ജെ.പി. മധ്യപ്രദേശ് യൂണിറ്റ് സെക്രട്ടറി രാഹുൽ കോതാരിയാണ് ആദ്യം ആരോപിച്ചത്. ‘ചലോ ചലോ കോൺഗ്രസ് കെ സങ് ചലോ ചലോ’ എന്ന യാത്രയുടെ മുഖ്യഗാനം ‘ചലോ ചലോ ഇമ്രാൻ കെ സാത്’ എന്ന പി.ടി.െഎ.യുടെ പാട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.െഎ.യുടെയും കോൺഗ്രസിന്റെയും ഗാനങ്ങൾ ചേർത്ത വീഡിയോ ബി.ജെ.പി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഹിന്ദുസ്ഥാനെതിരേയും പാകിസ്താനെ അനുകൂലിച്ചും മുദ്രാവാക്യം വിളിക്കുന്നവരെയാണ് കോൺഗ്രസ് ഇതുവരെ അംഗീകരിച്ചിരുന്നത്. ഇപ്പോൾ മധ്യപ്രദേശ് കോൺഗ്രസ് പാകിസ്താനിൽനിന്ന് പാട്ടും വാങ്ങാൻ തുടങ്ങിയെന്ന് കോതാരി പറഞ്ഞു.
എന്നാൽ, പി.ടി.െഎ.യുടെ ഗാനം ഉപയോഗിച്ചത് ബി.ജെ.പി.യാണെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയുഷ് ബബെലെ തിരിച്ചടിച്ചു. ബി.ജെ.പി. ഭരിക്കുന്ന ഹരിയാണയിലെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇതിനോട് സാമ്യമുള്ള ഗാനമാണ് ഉപയോഗിച്ചത്. രാജസ്ഥാനിലും കോപ്പിയടിയുണ്ടായിട്ടുണ്ടെന്ന് പിയുഷ് പറഞ്ഞു. ബി.ജെ.പി.യുടെ ഏകമന്ത്രം നാണമില്ലാതെ കോപ്പിയടിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച സംസ്ഥാനത്തെ ഏഴിടങ്ങളിൽനിന്നാണ് കോൺഗ്രസിന്റെ ‘ജൻ ആക്രോശ് യാത്ര’ ആരംഭിക്കുന്നത്. ഞായറാഴ്ചയാണ് പ്രചാരണഗാനം കോൺഗ്രസ് പുറത്തുവിട്ടത്. ബി.ജെ.പി.യുടെ ‘ജൻ ആശിർവാദ് യാത്ര’ സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ട്. ഈ മാസം 25-ന് ഭോപാലിൽ സമാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..